കാഴ്ചകൾക്ക് മാമലകൾ സാക്ഷി... കോടമഞ്ഞിൽ മൂടിപ്പുതച്ച് സഞ്ചാരികളെ മാടിവിളിച്ച് തിരുനെറ്റിക്കല്ല്
text_fieldsകണ്ണൂർ: മനസ്സോളം ആസ്വദിക്കാം ജോസ്ഗിരിയിലെ തിരുനെറ്റിക്കല്ലിലെ കാഴ്ച. ജില്ലയുടെ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന, കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകളാണ് ഇവിടെയുള്ളത്.
സമുദ്രനിരപ്പിൽനിന്നും 2300 അടി ഉയരത്തിലാണ് ഈ മനോഹാരിത. പുൽമേട്ടിൽ അതിരാണിപ്പൂക്കൾക്കൊപ്പം ചിരിച്ചുനിൽക്കുന്ന നിരവധി കുഞ്ഞുപൂക്കളും ഔഷധച്ചെടികളും കാണാം. മുഖാമുഖം നിൽക്കുന്ന കൂറ്റൻ പാറകൾക്ക് നടുവിൽ വലിയ ഉരുളൻ കല്ല്. കരിമ്പാറപ്പുറത്ത് ചാടിക്കയറാൻ ഏണിയും നെറുകയിൽ വർഷങ്ങൾക്കുമുമ്പ് കുരിശുമല കയറിവന്ന വിശ്വാസികൾ സ്ഥാപിച്ച കുരിശുമുണ്ട്.
തിരുനെറ്റിക്കല്ലിന്റെ തിരുനെറ്റിയിൽനിന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പട്ടണങ്ങൾ, കിഴക്കൻ മലയോര ഗ്രാമങ്ങൾ, കർണാടക വനം, തലക്കാവേരി സ്ഥിതിചെയ്യുന്ന കുടകിലെ ബാഗമണ്ഡലം പ്രദേശങ്ങൾ എന്നിവയും ടിപ്പുസുൽത്താൻ കേരളത്തിലേക്ക് കടന്നുവരാൻ ഉപയോഗിച്ച വഴിയെന്ന് കരുതുന്ന കക്കപ്പുഴ ഭാഗത്തെ മുറിക്കിടങ്ങും കാണാം.
ദൃശ്യവിരുന്നായി 19 ഏക്കർ
19 ഏക്കറോളമുള്ള ഈ പ്രദേശം ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾക്ക് ഇവിടെ ഹോം സ്റ്റേ, ഭക്ഷണം, ടെന്റ് ഹൗസ് സംവിധാനങ്ങളും ലഭിക്കും. വിനോദ സഞ്ചാരികൾക്കായി ഹോം സ്റ്റേകളിലൂടെ പ്രദേശവാസികൾക്ക് മികച്ച വരുമാനം കണ്ടെത്താനാകുമെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ പറയുന്നു.
സഞ്ചാരികൾക്കായി ഗതാഗത സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യവും ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ സംയുക്തമായി നടപ്പാക്കാനൊരുങ്ങുകയാണ് ഇരുപഞ്ചായത്തുകളും. ചെറുപുഴയിൽനിന്ന് 19 കിലോമീറ്റർ അകലെയാണ് ഈ വിനോദ സഞ്ചാര കേന്ദ്രം. ജോസ്ഗിരിയിൽനിന്നും രണ്ടര കിലോമീറ്റർ മാറി കർണാടക അതിർത്തിയിലാണ് തിരുനെറ്റിക്കല്ല്. തളിപ്പറമ്പുനിന്ന് ആലക്കോട് ഉദയഗിരി വഴിയും ഇവിടെയെത്താം. ബസിലോ സ്വകാര്യ വാഹനത്തിലോ വരുന്നവർ ജോസ്ഗിരിയിൽ ഇറങ്ങണം.
കാൽനടയായോ ജീപ്പിലോ ചെങ്കുത്തായ കയറ്റം താണ്ടി തിരുനെറ്റിക്കല്ലിലേക്ക് എത്താം. അൽപം സാഹസികതയും ഓഫ് റോഡ് യാത്രയും ആസ്വദിക്കുന്നവർക്ക് ബൈക്കിലും ലക്ഷ്യസ്ഥാനത്ത് എത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.