തോട്ടട ഐ.ടി.ഐ സംഘർഷം; 21 പേർക്കെതിരെ കേസ്
text_fieldsകണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 21 പേർക്കെതിരെ കേസ്. വധശ്രമം, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളിൽ 11 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും 10 കെ.എസ്.യു പ്രവർത്തകർക്കെതിരെയുമാണ് എടക്കാട് പൊലീസ് കേസെടുത്തത്.
കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്.എഫ്.ഐക്കാർക്കെതിരെയും എസ്.എഫ്.ഐ നേതാവ് ആഷിഖിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ച് പേർ ഉൾപ്പെടെ 10 കെ.എസ്.യുക്കാർക്കെതിരെയുമാണ് കേസെടുത്തത്.
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് 12 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഐ.ടി.ഐ അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. സംഘർഷത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു വ്യാഴാഴ്ച ജില്ലയിൽ പഠിപ്പ് മുടക്കി.
ബുധനാഴ്ച ഉച്ചയോടെ നടന്ന സംഘർഷത്തിൽ 13 വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പൊലീസ് ലാത്തിവീശിയാണ് ഇരുവിഭാഗത്തെും പിന്തിരിപ്പിച്ചത്. കെ.എസ്.യു കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലെത്തിച്ചത്. കാമ്പസിൽ പ്രവർത്തിക്കുന്നുവെന്ന പേരിലാണ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് കെ.എസ്.യു ആരോപിക്കുന്നു.
പുറത്തുനിന്നെത്തിയ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചുവിടുന്നതായി എസ്.എഫ്.ഐയും ആരോപിച്ചു.
സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വെള്ളിയാഴ്ച വിദ്യാര്‍ഥി സംഘടനകള്‍, പൊലീസ്, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സര്‍വകക്ഷിയോഗം വിളിച്ചുചേർത്തിട്ടുണ്ട്.
കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദിച്ച എസ്.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കായക്കൽ രാഹുൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.