'ബോംബും കത്തിയുമായി കണ്ണൂരില്‍ ക്രിമിനലുകളുടെ തേര്‍വാഴ്ച, പൊലീസ് നോക്കുകുത്തി'
text_fieldsകണ്ണൂര്‍: ക്രിമിനലുകള്‍ ബോംബും കത്തിയുമായി നഗരത്തില്‍ തേര്‍വാഴ്ച നടത്തുമ്പോള്‍ പൊലീസ് സംവിധാനം തീര്‍ത്തും നിഷ്‌ക്രിയമായിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.
'തോട്ടടയില്‍ പട്ടാപ്പകലാണ് ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടത്. പകല്‍വെളിച്ചത്തിലും ബോംബുകളുമായി ക്രിമിനലുകള്‍ക്ക് തേര്‍വാഴ്ച നടത്താന്‍ സാധിക്കുന്നുവെന്നത് നിസാര കാര്യമല്ല. രണ്ടാഴ്ച മുമ്പാണ് പയ്യാമ്പലത്തെ ഹോട്ടലുടമയായ യുവാവിനെ നിസാര വാക്കുതര്‍ക്കത്തില്‍ കുത്തിക്കൊലപ്പെടുത്തിയത്. തോട്ടടയില്‍ യുവാവ് ബോംബേറില്‍ കൊല്ലപ്പെട്ടിട്ടും അവിടെ പൊലീസെത്തുന്നത് വൈകിയാണ്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികളും നീണ്ടു പോയി.' -അദ്ദേഹം പറഞ്ഞു.
കെ റെയില്‍ കുറ്റികള്‍ക്ക് കാവലിരിക്കല്‍ മാത്രമാണോ പൊലീസിന്റെ പണിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികളെ പോലും ഓടിച്ചിട്ടു പിടിക്കാന്‍ പൊലീസ് കാണിക്കുന്ന ഉത്സാഹം ക്രിമിനലുകളോട് കാണിക്കാത്തതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ കാണുന്നത്. തോട്ടടയില്‍ യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിലെ കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും ബോംബ് നിര്‍മ്മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കൂടി കണ്ടെത്തണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
തോട്ടടയിലെ കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന പാട്ടിനെ ചൊല്ലിയുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. രാത്രിയുള്ള വാക്കേറ്റവും കയ്യാങ്കളിയും നാട്ടുകാർ പരിഹരിച്ചിരുന്നു. എന്നാൽ, ഇതിന്റെ പകയടങ്ങാതെ ഒരുസംഘം ബോംബുമായി വിവാഹദിനമായ ഇന്ന് വീണ്ടും എത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തോട്ടടയിലെ മനോരമ ഓഫിസിന് സമീപം കല്ല്യാണവീടിനോട് ചേർന്നാണ് അക്രമമുണ്ടായത്. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26)വാണ് കൊല്ലപ്പെട്ടത്. അക്രമിസംഘം എതിർസംഘത്തിനെതിരെ ആദ്യമെറിഞ്ഞ നാടൻ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമതെറിഞ്ഞ ബോംബ് സംഘാംഗമായ ജിഷ്ണുവിന്റെ തലയിൽകൊണ്ട് പൊട്ടുകയായിരുന്നു. സ്ഫോടനത്തിൽ തലയോട്ടി പൊട്ടിച്ചിതറിയ ജിഷ്ണു തൽക്ഷണം അവിടെത്തന്നെ കൊല്ലപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞാണ് മൃതദേഹം അവിടെനിന്ന് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.