കല്യാശ്ശേരിയിലെ കുന്നിടിച്ചിൽ ഭീഷണി; ശാശ്വത പരിഹാരം അന്തിമഘട്ടത്തിൽ
text_fieldsകല്യാശ്ശേരി: ദേശീയ പാതയിൽ ഹാജിമെട്ടയിൽ കുന്നിടിച്ച് ദേശീയ പാത പണിതതോടെ സമീപത്തെ വീടുകൾ കുന്നിടിച്ചിൽ ഭീഷണിയിലായ സ്ഥലത്ത് നിർമിക്കുന്ന സംരക്ഷണഭിത്തിയുടെ നിര്മാണം അന്തിമഘട്ടത്തിൽ.
ഹാജിമെട്ടയിൽ മണ്ണിടിയാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സോയിൽ, നൈലിങ്ങ് തുടങ്ങി പ്രത്യേക യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവിധ ഘട്ടങ്ങളിലായി പ്രവൃത്തികൾ തുടങ്ങിയത്. ഇപ്പോൾ നൂതന രീതിയിലുള്ള ഭിത്തി നിർമാണത്തിന്റെ അവസാന ഘട്ട പണികളാണ് പുരോഗമിക്കുന്നത്.
നാലിഞ്ച് വീതിയിൽ അഞ്ച് മീറ്റർ ആഴത്തിൽ ദ്വാരമെടുത്താണ് ഭിത്തി നിർമാണത്തിന് തുടക്കമിട്ടത്. മേയ് 23ന് വേനൽമഴയുടെ ആദ്യഘട്ടത്തിലാണ് ഹാജിമെട്ടയിൽ വ്യാപകമായി കുന്നിടിയൽ ഭീഷണി നേരിട്ടത്. ആദ്യഘട്ട പ്രവൃത്തികൾ നടത്തി ആഴ്ചകൾ കഴിഞ്ഞാണ് രണ്ടാം ഘട്ടമായുള്ള പ്രവൃത്തികൾ തുടങ്ങിയത്. ഒന്നര മീറ്റർ വ്യത്യാസത്തിലാണ് ആദ്യം നിരവധി ദ്വാരങ്ങൾ നിർമിച്ചത്. രണ്ടാം ഘട്ടമായി ഓരോ ദ്വാരത്തിലൂടെയും ഒരിഞ്ചിലധികം വ്യാസമുള്ള കമ്പികൾ ദ്വാരത്തിലേക്ക് കയറ്റി ഇറക്കി. കമ്പികൾ പത്ത് ഡിഗ്രി മുതൽ 20 ഡിഗ്രി വരെ ചരിച്ചാണ് കയറ്റിയത്. പിന്നീട് കമ്പി കയറ്റിയ ദ്വാരങ്ങളിലേക്ക് പ്രത്യേക യന്ത്രസംവിധാനത്തിലൂടെ മർദം ഉപയോഗിച്ച് കോൺക്രീറ്റ് മിശ്രിതം അടിച്ചു കയറ്റുകയും ചെയ്തു. അവ ഉറച്ചതിന് ശേഷമാണ് കോൺക്രീറ്റ് നിറച്ച ഭാഗത്ത് പുറത്ത് തള്ളിനിൽക്കുന്ന കമ്പികളെ ബന്ധിപ്പിച്ച് കമ്പി വലകൾ സ്ഥാപിച്ചത്. അവസാന ഘട്ടമായി ഈ വലകൾ മണ്ണാട് ചേർന്ന് നിൽക്കാൽ ബോൾട്ടുകൾ പോലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു. പിന്നീട് കമ്പിവലകൾക്കുള്ളിലും പുറത്തും കോൺക്രീറ്റ് മിശ്രിതം ചേർത്ത് ആവരണമാക്കുന്ന പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഇത്തരം കോൺക്രീറ്റ് കവച നിർമാണം പൂർത്തിയാകുന്നതോടെ പിന്നീട് കുന്നിടിയാനുള്ള സാധ്യത ഇല്ലാതാകുമെന്നാണ് പ്രവൃത്തിക്ക് ചുക്കാൻ പിടിക്കുന്ന വിദഗ്ധർ പറയുന്നത്. ഇതേ സ്ഥലത്ത് തന്നെയാണ് ദേശീയ പാതയിലെ പുതിയ ടോൾ പ്ലാസ നിർമാണവും പുരോഗമിക്കുന്നത്. കുന്ന് ബലപ്പെടുത്തുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ വേവലാതി ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.