കാമറക്കണ്ണിലെ മൂന്നുമാസം: അരലക്ഷം നിയമലംഘനങ്ങൾ; മൂന്നരക്കോടി പിഴ
text_fieldsകണ്ണൂർ: റോഡിലെ നിയമം തെറ്റിച്ചുള്ള ഓട്ടം തടയാൻ സ്ഥാപിച്ച കാമറകൾ മൂന്ന് മാസംകൊണ്ട് പിടിച്ചെടുത്തത് 55,869 നിയമലംഘനങ്ങൾ. 3.53 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത്. എ.ഐ കാമറകൾ പ്രവർത്തനം തുടങ്ങി നോട്ടീസ് അയക്കാൻ തുടങ്ങിയ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കണക്കാണിത്. ജൂണിൽ 15,555 കേസുകളിൽ 1.24 കോടിയാണ് പിഴ. ജൂലൈയിൽ 37,000 നിയമലംഘനങ്ങളിൽ 1.85 കോടിയായി പിഴ ഉയർന്നു. ആഗസ്റ്റിൽ 3,314 കേസിൽ 43.79 ലക്ഷം പിഴ.
ജൂണിൽ ഹെൽമറ്റ് ധരിക്കാത്ത 2,977 പേർ പിടിയിലായപ്പോൾ ആഗസ്റ്റിൽ 1,768 ആയി കുറഞ്ഞു. മൊബൈൽ ഉപയോഗിച്ച് വാഹനമോടിച്ച 25 പേരും സീറ്റ് ബെൽട്ടിടാതെ 17 പേരും കാമറയിൽ കുടുങ്ങി. ജൂണിൽ 8728 പേരാണ് സീറ്റ് ബെൽട്ടിടാതെ കാമറയിൽ പതിഞ്ഞത്. ഹെൽമറ്റും സീറ്റുബെൽട്ടും ധരിക്കാത്തതിന് 5,00 രൂപ വീതവും ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് 2,000 രൂപയുമാണ് പിഴ.
അനധികൃത പാർക്കിങ്ങിന് 250 രൂപ നൽകണം. അത്തരം 101 നിയമലംഘനങ്ങളാണ് ആഗസ്റ്റിൽ പിടികൂടിയത്. നികുതി അടക്കാതെ 189 പേരും ചില്ലുകളിൽ സൺ ഫിലിം ഒട്ടിച്ച 270 പേരും ഇൻഷുറൻസ് അടക്കാത്ത 125 പേരും കാമറയിൽ പതിഞ്ഞു. കാമറ സ്ഥാപിച്ചതിന് ശേഷം നിയമലംഘനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്രയും വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗവും ഏറക്കുറെ കുറഞ്ഞിട്ടുണ്ട്. രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നുള്ള കാര്യമാണ് പലരും ശ്രദ്ധിക്കാത്തത്. ഇക്കാര്യത്തിലും വരും മാസങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രതീക്ഷ.
റോഡപകടങ്ങള്‍ കുറക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറകൾ സ്ഥാപിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 50 കാമറകളാണ് സ്ഥാപിച്ചത്. എപ്രില്‍ 20 മുതലാണ് എ.ഐ കാമറ വഴി നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ആദ്യം ബോധവത്കരണം നല്കി. ജൂണ്‍ അഞ്ചുമുതലാണ് പിഴ ഈടാക്കാന്‍ തുടങ്ങിയത്. വാഹനയുടമകൾക്ക് നോട്ടീസ് അയക്കുന്നതിനൊപ്പം വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്കിയ ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.