കണ്ണൂർ ജില്ലയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളെ തരംതാഴ്ത്തി
text_fieldsപാപ്പിനിശ്ശേരി: പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഏതാനും റെയിൽവേ സ്റ്റേഷനുകളെ അധികൃതർ തരംതാഴ്തി ഹാൾട്ട് സ്റ്റേഷനുകളാക്കി. ജില്ലയിലെ പാപ്പിനിശ്ശേരി, ഏഴിമല, തലശ്ശേരി ജഗന്നാഥ ക്ഷേത്രം തുടങ്ങിയ സ്റ്റേഷനുകളാണ് ഇപ്പോഴത്തെ പട്ടികയിലുള്ളത്.
അത്തരം സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണം കമീഷൻ വ്യവസ്ഥയിൽ സ്വകാര്യവ്യക്തികൾക്ക് കൈമാറി. രണ്ട് വർഷം മുമ്പുതന്നെ ഏതാനും സ്റ്റേഷനുകളെ ഹാൾട്ട് സ്റ്റേഷനുകളാക്കി മാറ്റി ടിക്കറ്റ് വിതരണം കമീഷൻ ഏജന്റുമാർക്ക് നൽകാനുള്ള നടപടി തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി ഏപ്രിൽ ഏഴു മുതൽ പ്രാബല്യത്തിൽ വരുത്തിയാണ് സ്റ്റേഷനുകളെ തരം താഴ്ത്തിയത്.
സ്വകാര്യ വ്യക്തികൾക്ക് ടിക്കറ്റ് വിതരണച്ചുമതല കൈമാറുന്നതോടെ നിലവിൽ സ്റ്റേഷനിൽ നിയോഗിക്കപ്പെട്ട റെയിൽവേ ജീവനക്കാരെ പൂർണമായി പിൻവലിക്കും.
ഏഴിമലയിൽ ഏപ്രിൽ ഒമ്പതു മുതൽ ടിക്കറ്റ് വിതരണം സ്വകാര്യ ഏജൻസിക്ക് കൈമാറി. പാപ്പിനിശ്ശേരിയിൽ തിങ്കളാഴ്ച മുതൽ സംവിധാനം നടപ്പാക്കും. ജഗന്നാഥ ടെമ്പിൾ സ്റ്റേഷനിൽ ഏപ്രിൽ 13 മുതലും പുതിയ സംവിധാനമാകും.
ഏഴിമല റെയിൽവേ സ്റ്റേഷനിൽ മലബാർ അടക്കമുള്ള എക്സ്പ്രസ് ട്രെയിനുകളും പാപ്പിനിശ്ശേരിയിൽ കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ട്രെയിനുകളും നിർത്തുന്ന പ്രധാന സ്റ്റേഷനുകളാണ്. നൂറുകണക്കിന് യാത്രക്കാർ ഈ സ്റ്റേഷനുകളെ പതിവായി ആശ്രയിക്കുന്നവരാണ്.
നിലവിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് പകരം അവഗണന കാണിക്കുന്നതിനെതിരെ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഇടപെടൽ വേണമെന്നാണ് റെയിൽവേ യാത്രക്കാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.