കടുവപ്പേടിയിൽ ആറളം; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
text_fieldsകേളകം: കാട്ടാനശല്യത്തിനൊപ്പം കടുവ കൂടി ആറളം ഫാമിന്റെ കൃഷിയിടത്തിൽ താവളമാക്കിയതോടെ ഫാമിന്റെ പ്രവർത്തനം താളംതെറ്റി. ഫാമിലെ തൊഴിലാളികളിൽ മൂന്നിലൊന്നുപേർ മാത്രമാണ് തിങ്കളാഴ്ച ജോലിക്കെത്തിയത്. സ്ഥിരം തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളും ജോലിയിൽനിന്ന് വിട്ടുനിന്നു. കടുവ ഇപ്പോൾ ഉണ്ടെന്ന് കരുതുന്ന അഞ്ചാം ബ്ലോക്കിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. ഈ ബ്ലോക്കിൽ തൊഴിലെടുക്കേണ്ട 40തോളം തൊളിലാളികളിൽ 15ൽ താഴെ പേർ മാത്രമാണ് ജോലിക്കെത്തിയത്. ഇവരെ ഫാമിന്റെ സെൻട്രൽ നഴ്സറിയിലേക്ക് മാറ്റി.
റബർ ഒഴികെ എല്ലാ കാർഷികവിളകളും ഉള്ള ബ്ലോക്കാണിത്. ഇവിടെ കാർഷിക പ്രവർത്തനങ്ങൾ നിർത്തേണ്ടിവരുന്നത് ഫാമിനെ സാമ്പത്തികമായി കൂടുതൽ പ്രതിസന്ധിയിലാക്കും. മൂന്ന് ദിവസം മുമ്പ് ജനവാസമേഖല വഴി കൊക്കോട് പുഴ കടന്ന് ഫാമിന്റെ രണ്ടാം ബ്ലോക്കിലെത്തിയ കടുവ സ്വമേധയാ വനത്തിലേക്ക് കടക്കുമെന്ന വനപാലകരുടെ വിശ്വാസം അസ്ഥാനത്തായി. ഒന്നാം ബ്ലോക്കിൽ എത്തിയ കടുവയുടെ ദൃശ്യം ചെത്തുതൊഴിലാളി മൊബൈലിൽ പകർത്തിയതോടെ ഫാം പുനരധിവാസ മേഖലയിലുള്ളവരും തൊഴിലാളികളും കൂടുതൽ ആശങ്കയിലായിരിക്കുകയാണ്.
ഞായറാഴ്ച ഒന്നാം ബ്ലോക്കിൽനിന്ന് ഫാം നഴ്സറിക്ക് സമീപമുള്ള അഞ്ചാം ബ്ലോക്കിലേക്ക് കടുവ കടന്നിരുന്നു. എന്നാൽ, തിങ്കളാഴ്ച കടുവയുടെ സാന്നിധ്യം ആരുടേയും ശ്രദ്ധയിൽപെട്ടിട്ടില്ല. പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളിലും വഴികളിലും വനംവകുപ്പിന്റെ ദ്രുതകർമസേന അംഗങ്ങൾ പട്രോളിങ് നടത്തുന്നുണ്ട്.
കടുവ വനത്തിലേക്കുതന്നെ പോകുമെന്ന് കരുതുന്നതായും മേഖലയിൽ ശക്തമായ നിരീക്ഷണം ഒരുക്കിയതായും അടിയന്തര സാഹചര്യം ഉണ്ടായാൽ ദേശീയ കടുവസംരക്ഷണ അതോറിറ്റി മാർഗനിർദേശമനുസരിച്ച് കമ്മിറ്റി രൂപവത്കരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക് 'മാധ്യമ'ത്തോട് പറഞ്ഞു.
കടുവ വഴിതെറ്റിവന്നതാണ്. ജനവാസ മേഖലയിൽ നിൽക്കാൻ കടുവക്ക് കഴിയില്ല. മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കാഞ്ഞതിനാൽ സ്വാഭാവികമായി വനത്തിലേക്ക് കടക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. ആളപായം ഇല്ലാതാക്കലാണ് പ്രധാന ലക്ഷ്യം. അതിനാൽ പുരധിവാസ മേഖലയിലും സമീപ പ്രദേശങ്ങളിലും വനവകുപ്പിന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനം ദ്രുതകർമസേന ആറളം ഫാം തൊഴിലാളികൾക്ക് സംരക്ഷണം ഒരുക്കും
ദൈനംദിന പ്രവൃത്തികൾ മുടങ്ങാതിരിക്കാൻ ഫാമിലെ തൊഴിലാളികൾക്ക് വനം ദ്രുതകർമസേന സംരക്ഷണം ഒരുക്കും. ഫാം എം.ഡി ഡി.ആർ. മേഖശ്രീയുമായി ഡി.എഫ്.ഒയും കൊട്ടിയൂർ റേഞ്ച് വനം ഓഫിസറും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
തൊഴിലാളികളെ ചെറിയ കൂട്ടങ്ങളാക്കി വിവിധ ബ്ലോക്കുകളിലേക്ക് വിടുന്നതിന് പകരം എല്ലാവരും ഒരു മേഖലയിൽ തൊഴിലെടുക്കുന്ന രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കും. ഇവർക്കൊപ്പം വനം ദ്രുതകർമസേന അംഗങ്ങളും സുരക്ഷയൊരുക്കി ഒപ്പംതന്നെ ഉണ്ടാകും. ഫാമിലെ കാട് വെട്ടിത്തെളിക്കുന്നതിനും കശുവണ്ടി ശേഖരിക്കുന്നതിനും വനംവകുപ്പിന്റെ സുരക്ഷ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ അഞ്ചാം ബ്ലോക്കിൽ കഴിഞ്ഞദിവസം കണ്ട കടുവ സമീപത്തെ ആദിവാസി പുനരധിവാസ മേഖലയിലേക്ക് കടക്കാനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. പുനരധിവാസ മേഖലയിലും നിരീക്ഷണം നടത്തണമെന്നും കടുവയെ കണ്ടെത്തി പിടികൂടി മാറ്റണമെന്നും ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.