കടുവയെ കണ്ടാൽ പുറത്തുപറയാൻ പേടി
text_fieldsകൊട്ടിയൂർ: കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവയുടെ ശല്യത്തിനു പുറമേ കടുവശല്യവും ഭീതി പരത്തുന്നതായി കൊട്ടിയൂർ ചുങ്കക്കുന്ന് പൊട്ടൻതോടിലെ കർഷകർ.
കടുവയെയോ പുലിയെയോ കണ്ടാൽ പുറത്തു പറയാതിരിക്കുകയാണ് കർഷകർ. ഏതാനും മാസങ്ങൾക്കിടെ പ്രദേശത്ത് നിരവധി വീടുകളിൽനിന്ന് വളർത്തുനായകളെ കാണാതായിട്ടുണ്ട്. വീടിനു പുറത്തെ ഇരുമ്പ് കൂട് തകർത്ത് വളർത്തുനായയെ വന്യജീവികൾ പിടിക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞമാസം കാണാതായ വളർത്തുനായുടെ അസ്ഥികൂടവും അവശിഷ്ടങ്ങളും രണ്ടാഴ്ചകൾക്ക് ശേഷം വീട്ടിലെ പറമ്പിൽനിന്ന് ലഭിച്ചതോടെ കടുവ പിടിച്ചതാണെന്ന സംശയത്തിലാണ് വീട്ടുകാർ. സമാനമായ രീതിയിൽ കൊട്ടിയൂർ പാൽചുരത്തും വെങ്ങലോടിയിലും വളർത്തുനായകൾ ആക്രമിക്കപ്പെട്ടു.
പകൽപോലും തനിച്ച് വീടിന്റെ പുറത്ത് പോകാൻ ഭയമാണെന്നും പ്രദേശവാസികൾ പറഞ്ഞു. പൊട്ടൻതോടിലെ കർഷകൻ പുല്ലുചെത്താൻ പോകുന്നതിനിടെ രണ്ടു കടുവകളെ കണ്ടതായും പ്രദേശവാസികൾ പറയുന്നു. തങ്ങളുടെ കൃഷിഭൂമി കടുവ സങ്കേതമായി പ്രഖ്യാപിക്കുമോയെന്ന ഭയത്താലാണ് പുറത്തു പറയാത്തതെന്ന് നാട്ടുകീർ പറയുന്നു.
എന്നാൽ പ്രദേശത്ത് കടുവ ഇറങ്ങിയെന്ന പരാതിയോ മറ്റു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശത്ത് കാമറ വെച്ച് സ്ഥിരീകരിച്ചാൽ മാത്രമേ കടുവയാണെന്ന് ഉറപ്പിക്കാൻ കഴിയുകയുള്ളൂവെന്നും കൊട്ടിയൂർ വെങ്ങലോടിയിൽ വളർത്തു നായെ ആക്രമിച്ചത് പുലിയാകാൻ സാധ്യതയുണ്ടെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.