ആറളം ഫാമിൽ വീണ്ടും കടുവ സാന്നിധ്യം
text_fieldsകേളകം: ആറളം ഫാം ബ്ലോക്ക് അഞ്ചിൽ കടുവയെ വീണ്ടും കണ്ടെത്തിയതോടെ ജനജീവിതം കടുത്ത ഭീതിയിലാവുന്നു. ഫാമിലെ തെങ്ങ് ചെത്ത് തൊഴിലാളിയാണ് കടുവയെ കണ്ടത്. വനംവകുപ്പ് അധികൃതരെത്തി നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ആറളം ഫാമിൽ തങ്ങുന്ന കടുവ പുനരധിവാസ മേഖലയിലേക്ക് കടക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കടുവയുടെ സാന്നിധ്യം ഉറപ്പായതോടെ ആദിവാസികളടക്കമുള്ള ജനവാസമേഖലയിൽ കനത്ത ആശങ്കയും ഭീതിയും പരന്നിട്ടുണ്ട്.
മലയോര ഗ്രാമങ്ങളിൽ കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ വന്യ മൃഗങ്ങളുടെ സാന്നിധ്യമിപ്പോൾ പതിവാണ്.
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല, കേളകം പഞ്ചായത്തിലെ രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ്, മാങ്കുളം, വെള്ളൂന്നി, ഏലപ്പീടിക തുടങ്ങിയ പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം, പന്നിയാംമല, അമ്പയത്തോട്, ചപ്പമല, നെല്ലിയോടി തുടങ്ങിയ പ്രദേശങ്ങളിലുമുള്ള ജനങ്ങളെയാണ് ഏറെക്കാലമായി വന്യജീവികളുടെ ഭീതിയിൽ കഴിയുന്നത്.
അടക്കത്തോട് ശാന്തിഗിരിയിൽ ടാപ്പിങ് തൊഴിലാളികളും കടുവയെ കണ്ടിരുന്നു. മാങ്കുളത്ത് മൃഗങ്ങളെ ഓടിക്കുന്നതിനിടെ പുലി കിണറ്റിൽ വീണിരുന്നു.
കൂടുതൽ പ്രതിസന്ധിയിലായത് കർഷകർ
കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും വളർത്തു മൃഗങ്ങളെ വന്യമൃഗങ്ങൾ കൊന്നു തിന്നുന്നതും പതിവായിട്ടുണ്ട്. ഇത്തരം വന്യമൃഗശല്യം കൂടിയതോടെ പുലർച്ചെയുള്ള റബർ ടാപ്പിങ് മലയോര മേഖലയിൽ ജനങ്ങൾ നിർത്തിയിരിക്കുകയാണ്. പ്രധാന പാതകളിൽ പോലും വന്യജീവികളുടെ വിഹാരമായതോടെ പ്രഭാത സവാരിക്ക് പോലും പുറത്തിറങ്ങാൻ ഭയമാണിപ്പോൾ. കടുവയും, പുലിയും, കാട്ടുപന്നികളും ജനജീവിതം ദുസ്സഹമാക്കിയപ്പോൾ കൂടുതൽ പ്രതിസന്ധിയിലായത് കർഷകരും, കർഷക തൊഴിലാളികളുമാണ്. ആറളം ഫാമിൽ കടുവയെ കണ്ടെത്തിയിട്ടും അധികൃതർ ഗൗരവത്തോടെ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അമ്പതോളം കാട്ടാനകൾ വട്ടമിടുന്ന ആറളം ഫാമിൽ കടുവയും കൂടിയായതോടെ ഭീതിയുടെ നിഴലിലാണ് പുനരധിവാസ മേഖലയും, ആറളം ഫാമിലെ നൂറ് കണക്കിന് തൊഴിലാളികളും. ഫാമിൽ തമ്പടിച്ച കടുവയെ മയക്കുവെടിവെച്ച് പിടികൂടി നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഫാമിലെ ആദിവാസി സംഘടനകളുടെ പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.