അയ്യൻകുന്നിൽ വീണ്ടും പുലി സാന്നിധ്യം; ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ അട്ടയോലിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. പുലിയുടെ മുന്നിൽപ്പെട്ട ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടു. ജനവാസ മേഖലയായതിനാൽ വനം വകുപ്പ് പരിശോധന നടത്തി. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ പുലിയുടെ കാൽപ്പാടുകൾ തിരിച്ചറിയാനായിട്ടില്ല. പ്രദേശത്തെ ടാപ്പിങ് തൊഴിലാളിയായ പാലാട്ടിൽ ബൈജു പോളിന്റെ കൃഷിയിടത്തിലാണ് പുലി എത്തിയത്. മൂന്നു ദിവസത്തിനിടയിൽ രണ്ടാം തവണയും പുലിയെ കണ്ടതോടെ ബൈജു ടാപ്പിങ് നിർത്തി വീട്ടിലേക്ക് മടങ്ങി. ഒരു വർഷം മുമ്പ് ഇതേ പ്രദേശത്ത് പുലിയിറങ്ങി ആടുകളെ പിടിച്ചിരുന്നു. കർണാടക വനാതിർത്തിയോട് ചേർന്നുള്ള പ്രദേശമാണിത്. കാട്ടാനയും കാട്ടുപന്നി ശല്യവും മേഖലയിൽ രൂക്ഷമാണെങ്കിലും ഇപ്പോൾ പുലിയുടെ സാന്നിധ്യംകൂടി ആയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വർഷങ്ങൾക്കു മുമ്പ് നിരവധി കുടുംബങ്ങൾ കുടിയേറി താമസിച്ചിരുന്ന പ്രദേശത്ത് ഇപ്പോൾ വിരലിലെണ്ണാവുന്ന വീടുകൾ മാത്രമേയുള്ളൂ. വന്യമൃഗശല്യവും യാത്രാക്ലേശവും കാരണം പലരും കൃഷിയിടവും വീടും ഉപേക്ഷിച്ച് താഴ്വാരങ്ങളിലേക്ക് താമസം മാറ്റി. അവശേഷിക്കുന്ന കുടുംബങ്ങളാണ് ഇപ്പോൾ വന്യമൃഗ ഭീഷണിയിൽ കഴിയുന്നത്. മേഖലയിലെ ഏക്കർ കണക്കിന് കൃഷിഭൂമി കാടുപിടിച്ച് കിടക്കുകയാണ്.
ഇവ വെട്ടിത്തെളിക്കാത്തതിനാൽ വനമേഖലയിൽനിന്ന് വന്യമൃഗങ്ങൾ കൂട്ടമായി ഇവിടങ്ങളിലേക്ക് ഇറങ്ങുകയാണ്. ഒരു വർഷം മുമ്പ് വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിച്ചിരുന്നു. ഇതോടെ കാട്ടാന ശല്യത്തിന് അൽപം പരിഹാരമായിട്ടുണ്ടെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം മേഖലയിലെ ടാപ്പിങ് തൊഴിലിനെയും കശുവണ്ടി വിളവെടുപ്പിനെയും ബാധിച്ചിരിക്കുകയാണ്. നേരത്തേ തുരുത്തിപ്പള്ളി ഗോപാലൻ, വള്ളിക്കവ്വത്തിൽ ചിന്നമ്മ എന്നിവരുടെ ആടുകളെ പുലി പിടിച്ചിരുന്നു. ബൈജുവിനൊപ്പം കൃഷിയിടത്തിലെത്തിയ വളർത്തുനായുടെ കരച്ചിൽ കേട്ടാണ് ബൈജു പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ബൈജുവും പുലിയും തമ്മിൽ 20 മീറ്ററോളം അകലത്തിലായിരുന്നു. നായുടെ കുരയും ടോർച്ചിന്റെ വെട്ടവും തിരിച്ചറിഞ്ഞ പുലി പതിയെ കാട്ടിനുള്ളിലേക്ക് മാറുകയായിരുന്നു.
ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ എ.കെ. ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷിജിൽ, വാച്ചർ അജിൽ എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ പുലിയുടെ കാൽപ്പാദം പതിഞ്ഞ പാടുകൾ കണ്ടെത്താനായില്ല.
മേഖലയിൽ നിരീക്ഷണം തുടരുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.