കുടിവെള്ളമുറപ്പിക്കാം, ജലസ്രോതസ്സുകളുടെ വിവരശേഖരണം തുടങ്ങി
text_fieldsകണ്ണൂർ: ദേശീയ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ഭൂജല വകുപ്പ് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നടത്തുന്ന ജലസ്രോതസ്സുകളുടെ വിവരശേഖരണത്തിന് ജില്ലയിൽ തുടക്കം.
ആദ്യഘട്ടത്തിൽ ഭൂഗർഭജല വിതാനത്തിൽ അർധഗുരുതര ബ്ലോക്കുകളായ കണ്ണൂർ, തലശ്ശേരി, പാനൂർ എന്നിവിടങ്ങളിലാണ് വിവരശേഖരണം. ഭൂഗർഭജല ഉപയോഗത്തിന്റെ തോത് നോക്കുമ്പോൾ ഈ ബ്ലോക്കുകൾ അത്ര സുരക്ഷിതമല്ല. പാനൂർ ബ്ലോക്കിൽ 87.40 ശതമാനവും തലശ്ശേരി ബ്ലോക്കിൽ 76.49 ശതമാനവും കണ്ണൂർ ബ്ലോക്കിൽ 72.65 ശതമാനവുമാണ് ഭൂഗർഭജല ഉപയോഗം.
നിലവിലുള്ള കിണറുകൾ, കുഴൽക്കിണറുകൾ, പൊതുകിണറുകൾ, കുളങ്ങൾ, ഉറവകൾ തുടങ്ങിയ വിവിധ ജലസ്രോതസ്സുകളുടെ വിശദവിവരങ്ങൾ ശേഖരിക്കുകയും ജലവിതരണ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഈ വിവരം പ്രയോജനപ്പെടുത്തുകയുമാണ് വിവരശേഖരണത്തിന്റെ പ്രധാന ലക്ഷ്യം.
കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ വികസിപ്പിച്ചെടുത്ത നീരറിവ് മൊബൈൽ ആപ് ഉപയോഗിച്ചാണ് സർവേ. പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പൂർണ സഹകരണം ഉണ്ടാകണമെന്ന് ഭൂജല വകുപ്പ് ജില്ല ഓഫിസർ അറിയിച്ചു.
ഭൂഗർഭജല ഉപയോഗത്തിന്റെ തോത് നോക്കുമ്പോൾ ജില്ല സുരക്ഷിതാവസ്ഥയിലാണെങ്കിലും കണ്ണൂർ, തലശ്ശേരി, പാനൂർ ബ്ലോക്കുകൾ അർധ ഗുരുതരാവസ്ഥയിലായത് ആശങ്കയുയർത്തുന്നുണ്ട്. 45.54 ശതമാനമാണ് ജില്ലയുടെ ഭൂഗർഭജല ഉപയോഗത്തിന്റെ ശതമാനം.
ജില്ലയിലെ 64 നിരീക്ഷണ കിണറുകളിൽ നടത്തിയ പഠനപ്രകാരം 2008-2015 വർഷം 25 കിണറുകളിൽ ഭൂഗർഭ ജലനിരപ്പ് ഉയർന്നുവെങ്കിൽ 39 കിണറുകൾ താഴുകയാണുണ്ടായത്. 2015-22 വർഷം 44 നിരീക്ഷണ കിണറുകളിൽ ഭൂഗർഭ ജലനിരപ്പ് ഉയർന്നപ്പോൾ 20 കിണറുകളിൽ മാത്രമാണ് താഴുന്ന പ്രവണത കാണാനായത്.
ജലസംരക്ഷണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി കേന്ദ്രസർക്കാർ രൂപവത്കരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തന അവലോകനത്തിനായി കേന്ദ്രസംഘം ജില്ലയിൽ സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.