ഇന്ന് പേവിഷബാധ ദിനം; ജീവനാണ്, ശ്രദ്ധയും കരുതലും വേണം
text_fieldsകണ്ണൂർ: അശ്രദ്ധയും അവഗണനയും അറിവില്ലായ്മയും ജീവഹാനിക്കിടയാക്കുന്ന അവസ്ഥയാണ് പേവിഷബാധ. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്കും പകരുന്ന ജന്തുജന്യ രോഗങ്ങളിൽ ഏറ്റവും ഭീകരമായ രോഗമാണിത്.
രോഗം ബാധിച്ചാൽ രോഗിയുടെ മരണം ഒഴിവാക്കാനാവില്ല. ഇതിനുള്ള അവബോധമാണ് ജനങ്ങളിൽ ഉണ്ടാകേണ്ടത്. ഇതിനായി ആരോഗ്യവകുപ്പ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നാലും പേവിഷബാധ മരണങ്ങള് ആവര്‍ത്തിക്കപ്പെടുന്നു എന്നത് ഗൗരവമുള്ള വസ്തുതയാണ്.
പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ അവഗണിച്ച ശേഷം ജീവൻ നഷ്ടമായ സംഭവങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. വളർത്തു മൃഗങ്ങളിൽ നായ, പൂച്ച എന്നിവയിലൂടെയും കുറുക്കൻ, കീരി എന്നിവയിലൂടെയുമാണ് മനുഷ്യരിൽ കൂടുതലായും രോഗ ബാധയുണ്ടാകുന്നത്. കൃത്യമായ കുത്തിവെപ്പെടുത്താൽ പേവിഷബാധമൂലമുണ്ടാകുന്ന ജീവഹാനിയിൽനിന്ന് രക്ഷപ്പെടാം.
ലോകത്ത് ആദ്യമായി പേവിഷത്തിനെതിരായി വാക്സിൻ നിർമിച്ച ലൂയി പാസ്ചറുടെ ചരമ വാർഷിക ദിനമായ സെപ്റ്റംബർ 28 ആണ് ലോകാരോഗ്യ സംഘടന പേവിഷബാധ ദിനമായി ആചരിക്കുന്നത്. പേവിഷബാധ നിയന്ത്രണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ബ്രേക്കിങ് റാബിസ് ബൗണ്ടറീസ്’ എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. 2030 ഓടെ ലോകത്തുനിന്ന് പേവിഷ ബാധ ഇല്ലാതാക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. പേവിഷ ബാധ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നത് ഈ ലക്ഷ്യം നേടാനാണ്.
കുത്തിവെപ്പ് നൽകിയത് 10,352 മൃഗങ്ങൾക്ക്
ഈ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് അവസാനം വരെ ജില്ലയിൽ തെരുവുനായ്ക്കൾ ഉൾപ്പെടെ പ്രതിരോധ കുത്തിവെപ്പ് നൽകിയത് 10,352 മൃഗങ്ങൾക്കാണ്. വളർത്തു നായ്ക്കൾ 6673, പൂച്ച 1667, പശു 476, എരുമ 20, ആട് 789, മുയൽ ഉൾപ്പെടെ മറ്റു മൃഗങ്ങൾ 32, തെരുവ് നായ്ക്കൾ 695 എന്നിവക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്.
എടുക്കേണ്ട മുൻകരുതലുകൾ
വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകണം. നായ, പൂച്ച, കുറുക്കൻ, കീരി എന്നിവയുടെ കടിയിൽനിന്നുള്ള മുറിവ് വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകി ആന്റി സെപ്റ്റിക് പുരട്ടി ഉടൻ പ്രതിരോധ കുത്തിവെപ്പ് എടുക്കണം.
ശ്രദ്ധയും കരുതലും ഉണ്ടെങ്കിൽ പേവിഷബാധ മൂലം ഉണ്ടാകുന്ന മരണം ഒഴിവാക്കാനാവും. പേവിഷ ബാധയേറ്റ പശുവിന്റെ പാലിൽ വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണ്. പാൽ തിളപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂ.
ഡോ. വി. പ്രശാന്ത് (ജില്ല മൃഗസംരക്ഷണ ഓഫിസർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.