വിജയകഥകളുമായി ടോപ്പേഴ്സ് ടോക്കും സക്സസ് ചാറ്റും
text_fieldsമാധ്യമം എജുകഫേയുടെ മുഖ്യ ആകർഷണമാകാൻ വിജയകഥകളും അനുഭവങ്ങളും വിദ്യാർഥികളുമായി പങ്കുവെക്കാൻ വിവിധ മേഖലകളിലെ പ്രതിഭകളെത്തും. വെള്ളിയാഴ്ച നടക്കുന്ന സക്സസ് ചാറ്റിൽ കണ്ണൂർ അപ്പോളോ ക്ലിനിക്കിലെ ഫാമിലി ഫിസിഷ്യനും പ്രസിഡന്റിന്റെ സ്വർണ മെഡൽ ജേതാവുമായ ഡോ. രോഷ്ന അബ്ദുൽ ഷുക്കൂർ, സ്പോർട്സ് മാധ്യമ പ്രവർത്തക ജുഷ്ന ഷഹിൻ, കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി അഫ്റ മുജീബ്, ഡിജിറ്റൽ ആർട്ടിസ്റ്റ് ഹാസിം അമീൻ, സ്മാർട്ട് എജുക്കേഷൻ ഗ്രൂപ്പ് സി.ഇ.ഒ ഷക്കീബ് അഹമ്മദ് എന്നിവർ പങ്കെടുക്കും.
ശനിയാഴ്ച നടക്കുന്ന ടോപ്പേഴ്സ് ടോക്കിൽ എഴുത്തുകാരനും ബിരുദ വിദ്യാർഥിയുമായ സ്വരൺ ദീപ്, കയാക്കിങ് താരവും പരിസ്ഥിതി പ്രവർത്തകയുമായ സ്വാലിഹ റഫീഖ്, പാത്തൂട്ടി റോബോർട്ട് ഒരുക്കിയ ഒന്നാം വർഷ ബിരുദ വിദ്യാർഥി ഷിയാദ് ചാത്തോത്ത്, മേരി ക്യൂറി ഫെലോഷിപ് ജേതാവും കണ്ണൂർ എസ്.എൻ കോളജ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയുമായ എൻ. അനുശ്രീ എന്നിവർ അനുഭവങ്ങൾ പങ്കുവെക്കും.
പേടിയില്ലാതെ പഠിക്കാം
വിദ്യാർഥികളിലുണ്ടാകുന്ന ഓർമക്കുറവ്, ഉത്കണ്ഠ, ഭയം തുടങ്ങിയവക്ക് പരിഹാരം കാണാൻ പ്രമുഖ സൈക്കോളജിസ്റ്റുകൾ എജുകഫേയിലെത്തുന്നു.
അബ്സല്യൂട്ട് മൈൻഡ് ഫൗണ്ടർ ആൻഡ് ഡയറക്ടറും, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ അമീന സിതാര, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.പി. നവ്യ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അനൈന വിനോദ് തുടങ്ങിയവരാണ് ഈ സെഷൻ നയിക്കുക.
പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാതിരിക്കുക, മാനസിക സമ്മർദ്ദം, ഭയം, പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള മറ്റു മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയവക്ക് പരിഹാരവുമായി സൗജന്യ കൺസലിങ് സേവനം എജുകഫേയിൽ ലഭ്യമാകും. നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. എജുകഫേക്ക് ശേഷവും ഇവരുടെ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
പ്രസംഗകലയുടെ രാജാവെത്തുന്നു
നാട്ടുവർത്തമാനങ്ങളിലൂടെയും കവിതകളിലൂടെയും സദസിനെ ചിരിച്ചും ചിന്തിപ്പിച്ചും കയിലെടുക്കുന്ന പ്രമുഖ പ്രഭാഷകൻ വി.കെ. സുരേഷ് ബാബു മാധ്യമം എജുകഫേയിൽ എത്തുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസംഗകലയുടെ രാജാവെത്തുക. കൊച്ചുകുട്ടികൾ മുതൽ പ്രായമായവരെ വരെ സ്വാധീനിക്കുന്ന സുരേഷ് ബാബുവിന്റെ പ്രഭാഷണങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണ്.
കണ്ണൂർ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, കില ഫാക്കൽറ്റി, ഗ്രന്ഥശാല പ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ കഴിവുതെളിയിച്ച വി.കെ. സുരേഷ് ബാബു കുട്ടികളുമായി സംവദിക്കും.
സിജി’യിലുണ്ട് മറുപടി
വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും വിദ്യാഭ്യാസ -തൊഴിൽ മാർഗ നിർദേശങ്ങൾ ലഭ്യമാക്കുന്ന ‘സിജി’ അംഗങ്ങൾ വെള്ളിയാഴ്ച എജുകഫേയിലെത്തും. സിജി കരിയർ കോഓഡിനേറ്റർ കെ.എം. മുജീബുല്ല, കരിയർ കൗൺസിലർ റമീസ് പാറാൽ എന്നിവരാണ് സംശയങ്ങൾക്ക് മറുപടി പറയുക. വിദ്യാർഥികളുടെ വ്യക്തിത്വ -കരിയർ -നൈപുണ്യ വികസനം ലക്ഷ്യമിട്ടായിരിക്കും സെഷനുകൾ.
കൂടാതെ വിദ്യാർഥികളുടെ സർഗാത്മകതയെയും പഠനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളും സിജി ലഭ്യമാക്കും. ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്ന് സംശയമുള്ള വിദ്യാർഥികൾക്ക് സൗജന്യ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫേയിലുണ്ടാകും.
റോബോട്ടിനെ നിർമിച്ചാലോ
എജുകഫേയിൽ നമുക്കൊരുമിച്ചൊരു റോബോട്ടിനെ നിർമിക്കാം. സ്വന്തമായി ഒരു റോബോട്ടിനെ സൃഷ്ടിക്കാൻ അവസരമൊരുക്കുകയാണ് ഇത്തവണത്തെ എജുകഫേ. താൽപര്യമുള്ള ഏതു പ്രായക്കാർക്കും ‘ആർക്കും റോബോട്ടിനെ നിർമിക്കാം’ എന്ന സെഷനിൽ ഒരു റോബോട്ടിനെ നിർമിച്ചെടുക്കാം.
റോബോട്ടിക്സ് ഒരു കരിയറായി തെരഞ്ഞെടുക്കുന്നത് അത്ര വിദൂര സാധ്യതയല്ലെന്ന് മനസ്സിലാക്കി തരുന്നതാണ് ഈ സെഷൻ. റോബോട്ടിനെ നിർമിക്കുന്നത് തത്സമയം കാണിക്കുന്നിതിനൊപ്പം വേദിയിൽ റോബോട്ടിനെ നിർമിക്കുന്നതിൽ പങ്കാളികളാകുകയും ചെയ്യാം. റോബോട്ടിക്സിൽ വൈദഗ്ധ്യം നേടിയ ജിതിൻ അനു ജോസാണ് ശനിയാഴ്ച ഈ സെഷൻ നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.