വികസനപദ്ധതികള്‍ വിനോദ സഞ്ചാര വകുപ്പ് ഉപേക്ഷിച്ചു
text_fieldsപാപ്പിനിശേരി: ജില്ല വിനോദ സഞ്ചാര വകുപ്പിന് അനുവദിച്ച 11 പദ്ധതികൾ വേണ്ടെന്നു വെച്ചതിനാൽ 16 കോടി സർക്കാറിലേക്ക് തിരിച്ചടക്കുന്നു. ജില്ലയുടെ മുഖഛായക്കു മാറ്റം വരുത്താൻ ഉതകുന്ന തരത്തിലുള്ള വൻ പദ്ധതികളാണ് ഇപ്പോൾ പ്രായോഗികമല്ലെന്ന കാരണത്താൽ ഉപേക്ഷിക്കുന്നത്. പ്രായോഗികമല്ലാത്തതും പൂർത്തീകരിക്കാത്തതുമായ പദ്ധതികൾ പിൻവലിക്കാൻ വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചതോടെ ജില്ലക്ക് അനുവദിച്ച 11 പദ്ധതികൾക്കായി വകയിരുത്തിയ 16 കോടിയാണ് നഷ്ടമാകുന്നത്. പ്രധാനമായും തലശ്ശേരി ആസ്ഥാനമായുള്ള പൈതൃക ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടതാണ് ഉപേക്ഷിക്കുന്നത്. പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഒരു മ്യൂസിയം നിർമാണത്തിന് 1.07 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ഗുണ്ടർട്ട് മ്യൂസിയത്തിൽ ബേസൽ മിഷൻ സംബന്ധിച്ച മ്യൂസിയം നിർമാണം (1.18 കോടി രൂപ), തലശ്ശേരി പൈതൃക പദ്ധതിക്കായി പ്രത്യേക സംഘത്തെ നിയോഗിച്ച് മ്യൂസിയം നിർമാണം (33.08 ലക്ഷം), നടപ്പാത നിർമാണം, ദിശാസൂചിക സ്ഥാപിക്കൽ (50 ലക്ഷം), തലശ്ശേരിയിൽ തെയ്യം അവതരണ കേന്ദ്രം (1.86 കോടി), ചിറക്കലിൽ നാടൻ കലകൾക്കായി ഇന്റർപ്രട്ടേഷൻ കേന്ദ്രം (2.5 കോടി ), തലശ്ശേരി സി.എസ്.ഐ ദേവാലയം കേന്ദ്രമാക്കി കണ്ണൂരിലെ ബ്രിട്ടീഷ് കുടിയേറ്റ ചരിത്രത്തെ കുറിച്ചുള്ള മ്യൂസിയം (1.66 കോടി), തലശ്ശേരിയിൽ കിറ്റ്സ് പരിശീലന കേന്ദ്രത്തിനായി പുതിയ കെട്ടിട നിർമാണം (2.10 കോടി ), അറക്കൽ കെട്ട് (മ്യൂസിയം) സംരക്ഷണ പദ്ധതി (1.12 കോടി രൂപ) എന്നീ പൈതൃക പദ്ധതികളാണ് ഉപേക്ഷിച്ചത്.
തലശ്ശേരി പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് മുൻകൂറായി അനുവദിച്ച മൂന്നുകോടിയിലേറെ രൂപയും തിരിച്ചടയ്ക്കും. 2.28 കോടി രൂപ ചെലവിൽ കണ്ണപുരത്ത് പാരമ്പര്യ നാടോടി കലകൾക്കായി അവതരണ കേന്ദ്രം ഇല്ലാതാകും.
പദ്ധതി ഉപേക്ഷിക്കുന്നതില്‍ പത്തും തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്ളതാണ്. കിറ്റ്കോ മുഖേന സമർപ്പിച്ച പദ്ധതികളാണ് ഇവയെല്ലാം.
ഡി.ടി.പി.സി മുഖേന തയാറാക്കിയ രണ്ടു കോടി രൂപ ചെലവു പ്രതീക്ഷിച്ചിരുന്ന പുരളിമലയിലെ ഇക്കോ ടൂറിസം പദ്ധതിയും ഉപേക്ഷിച്ചു. മുൻകൂറായി അനുവദിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കും.
പ്രായോഗികത നോക്കാതെയും അനുമതികൾ വാങ്ങാതെയും തയാറാക്കി സമർപ്പിച്ച പദ്ധതികളാണ് ഉപേക്ഷിക്കേണ്ടിവന്നതെന്ന് വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പലപ്പോഴും ജനപ്രതിനിധികളുടെ താൽപര്യത്തിനു വഴങ്ങി എംപാനൽ ചെയ്ത ഏജൻസികൾ പദ്ധതി തയാറാക്കി നേരിട്ട് വകുപ്പു മന്ത്രിയുടെ ഓഫിസ് വഴിയും മറ്റും പാസാക്കിയെടുക്കുന്ന രീതിയാണ്. കോടിക്കണക്കിനു രൂപ ചെലവിട്ട് വിനോദസഞ്ചാര വകുപ്പ് നിർമിച്ച കെട്ടിടങ്ങൾ പലയിടത്തും നിർമാണം പൂർത്തിയാക്കി കാടുകയറി കിടക്കുന്നതിനു കാരണവും ഇതാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.