ആറളം ഫാമിൽ 40 ഏക്കറിൽ ടൂറിസം പദ്ധതിക്ക് തുടക്കം
text_fieldsകേളകം: ആറളം ഫാമിലെ ആദിവാസി ജനവിഭാഗങ്ങൾക്ക് തൊഴിലും കൂലിയും ലക്ഷ്യമാക്കി കൃഷി വകുപ്പും ആദിവാസി പുനരധിവാസ മിഷനും ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായി. പുനരധിവാസ മേഖലയിലെ 40 ഏക്കറിലാണ് പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയത് . പുനരധിവാസ മേഖല ബ്ലോക്ക് 13ലെ തടം, കളം, കരി മുതൽ 55 കോളനി വരെയുള്ള 40 ഏക്കറിലാണ് ഫാം ടൂറിസം ലക്ഷ്യമാക്കിയുള്ള സമഗ്ര കാർഷിക വികസന പദ്ധതി നടപ്പാക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം നിലം ഒരുക്കൽ പ്രവ്യത്തി
അന്തിമഘട്ടത്തിലാണ്.
ചെണ്ടു മല്ലിയുൾപ്പെടെയുള്ള വിവിധ പുഷ്പ കൃഷികൾ, ഓപൺ പ്രിസിഷൻ ഫാമിങ് കൃഷി രീതിയിൽ പച്ചമുളക്, വാഴ, ചെറു ധാന്യങ്ങൾ, നെല്ല് , പപ്പായ തോട്ടം, കറിവേപ്പില തോട്ടം, കിഴങ്ങ് വർഗങ്ങൾ, പച്ചക്കറി, നഴ്സറികൾ, മഴമറയിൽ പുഷ്പ കൃഷി എന്നിവ ആദ്യഘട്ടത്തിൽ നടപ്പാക്കും.
വന്യമൃഗശല്യം തടയുന്നതിന് 10 കിലോമീറ്റർ ചുറ്റളവിൽ സോളാർ ഫെൻസിങ്, ജലസേചന ആവശ്യത്തിനായി പൊതു ജലസേചന കിണർ, ഡ്രിപ്പ് ഇറിഗേഷൻ,
സ്പ്രിങ്ളർ ഇറിഗേഷൻ യൂനിറ്റ് എന്നിവയും കൂടി പദ്ധതിപ്രകാരം നടപ്പാക്കുന്നുണ്ട്. നാലു ലക്ഷം രൂപ വകയിരുത്തി ഒരു കിണറിന്റെ നിർമാണം പൂർത്തിയാക്കി. മറ്റു മൂന്നു കിണറുകളും ഉടൻ പൂർത്തിയാക്കും. പുനരധിവാസ മേഖലയിലെ 250 കർഷകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച ആറളം ഫാം പ്രൊഡ്യൂസേഴ്സ് കോഓപറേറ്റീവ് സൊസെറ്റി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയാണിത്. വന്യമൃഗശല്യം കാരണം മേഖലയിലെ താമസക്കാരെല്ലാം വീടും സ്ഥലവും ഉപേക്ഷിച്ചുപോയി. കാട് മൂടിക്കിടന്ന പ്രദേശം വെട്ടിത്തെളിച്ച് രണ്ടു വർഷം മുമ്പ് പ്രദേശവാസികളുടെ സഹായത്താൽ ആറളം കൃഷി ഭവന്റെ നേതൃത്വത്തിൽ നെല്ലും എള്ള് കൃഷിയുമൊക്കെ നടത്തിയിരുന്നു. ഇതിൽ നിന്നും ലഭിച്ച മികച്ച വിളവും വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞതുമാണ് ഫാം ടൂറിസം പദ്ധതിക്കുള്ള സാധ്യത തെളിഞ്ഞത്.
അഞ്ച് ഏക്കറിലധികം പ്രദേശത്ത് പച്ചമുളക് കൃഷി ആരംഭിച്ചിട്ടു ണ്ട്. പത്ത് ഏക്കറിലധികം പുഷ്പ കൃഷിക്കും ചെറു ധാന്യങ്ങൾക്കുമുള്ള നിലമൊരുക്കലും പൂർത്തിയാക്കി. ആറളം ബ്രാഡിൽ മുളകുപൊടിയാക്കി വിൽക്കുന്നതിനുള്ള സംവിധാനങ്ങളും ഇതോടൊപ്പമൊരുക്കും.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വൈസ് പ്രന്റ് ജെസിമോൾ വാഴപ്പള്ളിൽ, വാർഡ് അംഗം സുധാകരൻ, ആറളം കൃഷി ഓഫിസർ കെ. വിനയൻ ഗണേഷ്, കൃഷി അസിസ്റ്റന്റ് സുമേഷ്കുമാർ എന്നിവർ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.