ദുരിതമൊഴിയാതെ ചുരംപാത; ടൂറിസ്റ്റ് ബസുകൾ പെരുമ്പാടിയിൽ തടഞ്ഞിട്ടത് നാലു മണിക്കൂർ
text_fieldsഇരിട്ടി: മാക്കൂട്ടം-ചുരംപാത വഴി അന്തർ സംസ്ഥാന യാത്രക്കുള്ള നിരോധന കാലാവധി അവസാനിച്ചിരിക്കെ കേരളത്തിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് യാത്രക്കാർ നേരിടേണ്ടിവന്നത് കൊടിയ ദുരിതം.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന ഏഴ് സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് പെരുമ്പാടി ചെക്ക് പോസ്റ്റിൽ നാലുമണിക്കൂറിലധികം തടഞ്ഞിട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മുതൽ എത്തിയ ബസുകളാണ് തടഞ്ഞത്. ചുരം പാതയിലെ നിയന്ത്രണ ഉത്തരവ് ബുധനാഴ്ച അർധരാത്രി അവസാനിച്ച കാര്യം യാത്രക്കാരും ബസ് ജീവനക്കാരും ചൂണ്ടിക്കാട്ടിയെങ്കിലും ചെക്ക് പോസ്റ്റ് അധികൃതർ വഴങ്ങിയില്ല.
ഏറെ നേരത്തെ ബഹളത്തിനും തർക്കങ്ങൾക്കും ശേഷം പുലർച്ചെ 6.45നാണ് ബസുകൾ വിട്ടയച്ചത്. നിയന്ത്രണം നീട്ടിയതായുള്ള പുതിയ ഉത്തരവ് ഇറക്കാത്ത സാഹചര്യത്തിൽ അന്തർ സംസ്ഥാന അതിർത്തിയിൽ നിയന്ത്രണങ്ങൾ ഒന്നുമില്ല. ചെക്ക് പോസ്റ്റ് അധികൃതരാകട്ടെ ഇളവ് നൽകിയുള്ള ഉത്തരവ് കിട്ടാതെ കേരളത്തിൽനിന്നുള്ള യാത്രക്കാരെ കടത്തിവിടില്ലെന്ന നിലപാടിലാണ്.
നിരവധി യാത്രക്കാരാണ് വ്യാഴാഴ്ചയും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ എത്തി ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാത്തതിെൻറ പേരിൽ മടങ്ങേണ്ടിവന്നത്. ചുരംപാതയിലെ നിയന്ത്രണം പൂർണമായും നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുടക് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11ന് വീരാജ്പേട്ടയിൽനിന്ന് മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് മാർച്ച് നടത്തും. ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വം മടിക്കേരി െഡപ്യൂട്ടി കമീഷണർ ഡോ. ബി.സി. സതീഷിന് നിവേദനം നൽകിയിരുന്നു.
ഇത് പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരം നടത്താനുള്ള തീരുമാനം. മാർച്ച് ഡി.സി.സി പ്രസിഡൻറ് ധർമജ ഉത്തപ്പ ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കളായ വീരാജ്പേട്ട ് നഗരസഭ കൗൺസിലർമാരായ സി.കെ. പൃഥ്വിനാഥ്, റാഫി, ബെന്നി, ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജി.വി. മോഹൻ, ഗോണിക്കുപ്പ പഞ്ചായത്ത് അംഗം ശശികാന്ത് മലയാളി, കോൺഗ്രസ് ജില്ല പ്രസിഡൻറ് അബ്ദുൽഗഫൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.