ദൃശ്യവിസ്മയം കാണാൻ പാലുകാച്ചിപ്പാറ കയറി സഞ്ചാരികൾ
text_fieldsമാലൂർ (കണ്ണൂർ): പാലുകാച്ചിപ്പാറയിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു. മലയും പാറക്കെട്ടുകളും ചേർന്ന അപൂർവ ദൃശ്യവിരുന്നാണ് പാലുകാച്ചിപ്പാറയിലുള്ളത്. സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള പാറയുടെ സൗന്ദര്യം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തുന്നുണ്ട്. കോടമഞ്ഞ് വർധിച്ചതോടെ പുലർച്ചെ മുതൽ സന്ധ്യമയങ്ങുംവരെ സഞ്ചാരികൾ എത്തും.
മാലൂർ പഞ്ചായത്തിലെ പാലുകാച്ചിപ്പാറയുടെ മുകളിലെത്തിയാൽ വിദൂരകാഴ്ചകൾ വിസ്മയകരമാണ്. പഴശ്ശിരാജാവിന്റെ ഒളിപ്പോർ സങ്കേതമായിരുന്ന പുരളിമലയുടെ ഭാഗമാണ് പാലുകാച്ചിപ്പാറ. ഇവിടം ഇക്കോ ടൂറിസം പദ്ധതിയിൽപെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അപൂർവ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ് പാലുകാച്ചിപ്പാറയും സമീപ പ്രദേശങ്ങളും. പാറയുടെ മുകളിൽ നിന്നാൽ മട്ടന്നൂർ വിമാനത്താവളവും അറബിക്കടലും അടക്കമുള്ള വിദൂരദൃശ്യങ്ങൾ കാണാം. അവധിദിവസങ്ങളിലും മറ്റും സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ തിരക്കാണ്. ചില സംഘങ്ങൾ ഭക്ഷണവും മദ്യവുമായാണ് വരവെന്ന് നാട്ടുകാർ പറയുന്നു. ചിലർ അലക്ഷ്യമായി മദ്യക്കുപ്പികൾ വലിച്ചെറിയുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്നാണ് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. മാലൂർ ഇൻസ്പെക്ടർ എം.വി. ബിജു, സബ് ഇൻസ്പെക്ടർ ബി.വി. അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.