നിയന്ത്രണം മറികടന്ന് ബീച്ചുകളിൽ സഞ്ചാരികൾ
text_fieldsകണ്ണൂർ: മഴ ശക്തമായതോടെ സുരക്ഷ മുൻനിർത്തി അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിയന്ത്രണം മറികടന്ന് സഞ്ചാരികളെത്തി. ബീച്ചുകളിലാണ് ഞായറാഴ്ച നിരവധി പേർ എത്തിയത്. സുരക്ഷ ചുമതലയിലുള്ള ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നൽകിയെങ്കിലും മിക്കവരും മടങ്ങാൻ തയാറായില്ല. പയ്യാമ്പലം ബീച്ചിൽ നൂറുകണക്കിന് പേരാണ് ഞായറാഴ്ചയെത്തിയത്. മുഴപ്പിലങ്ങാട് ബീച്ചിലും സഞ്ചാരികൾ എത്തിയെങ്കിലും വാഹനങ്ങൾ തീരത്തിറക്കാൻ അനുമതിയുണ്ടായിരുന്നില്ല. മറ്റ് ബീച്ചുകളിലും ആളുകളെത്തി.
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ചയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് അധീനതയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചത്. ബീച്ചുകളിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചിരുന്നു. മലയോരത്തടക്കം മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ട്രക്കിങ്ങും വിലക്കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലെ പുഴകളിലടക്കം സർവിസ് നടത്തുന്ന സ്വകാര്യ ഉല്ലാസ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ളവ കാലാവസ്ഥ വകുപ്പ്, ജില്ല ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽനിന്നുള്ള നിർദേശം അനുസരിച്ച് മാത്രമേ സർവിസ് നടത്താൻ പാടുള്ളൂവെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. സന്ദർശന വിലക്ക് മറികടന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ എത്തുന്നത് പൊലീസിനും സുരക്ഷ ജീവനക്കാർക്കും തലവേദനയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.