നിടുംപൊയിൽ -മാനന്തവാടി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു
text_fieldsകേളകം: നിടുംപൊയിൽ-മാനന്തവാടി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു. റോഡിലെ തടസ്സങ്ങൾ നീക്കിയെങ്കിലും അപകടസാധ്യത ഏറെയുള്ളതിനാൽ ചുരം റോഡിലെ ഗതാഗത നിയന്ത്രണം നീക്കിയില്ല. റോഡ് ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതിനാൽ ഗതാഗത നിയന്ത്രണം തുടരുകയാണെന്ന് പി.ഡബ്ല്യു.ഡി കൂത്തുപറമ്പ് സെക്ഷൻ അസി. എൻജിനീയർ വി.വി. പ്രസാദ് പറഞ്ഞു.
വലിയ വാഹനങ്ങൾ നിലവിലെ സാഹചര്യത്തിൽ ഇതിലെ കടത്തിവിടാനാവില്ല. താൽക്കാലിക പുനർനിർമാണ പ്രവർത്തനങ്ങളെങ്കിലും വേണ്ടിവരും. സമീപപ്രദേശങ്ങളിലുള്ളവരുടെ ചെറുവാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. ഈ റോഡിൽ രാത്രി ഏഴുമുതൽ രാവിലെ ആറുവരെ വാഹനങ്ങൾ കടന്നുപോകരുതെന്നും മുന്നറിയിപ്പുണ്ട്. മാനന്തവാടിയിലേക്കുള്ള യാത്രാവാഹനങ്ങൾ പാൽചുരം വഴി പോകണമെന്നും അറിയിപ്പുണ്ട്.
മഴ കനത്തുപെയ്യുന്നതോടെ നിടുംപൊയിൽ ചുരം റോഡിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ റോഡിനുകുറുകെ തോടുപോലെ വെള്ളമൊഴുകുന്നത് ഇപ്പോഴും തുടരുകയാണ്. ഉരുൾപൊട്ടി രൂപപ്പെട്ട തോടുകളാണ് ചുരം റോഡിൽ 26ാം മൈൽ, 27ാം മൈൽ എന്നിവിടങ്ങളിൽ റോഡിനുകുറുകെ ഒഴുകുന്നത്. വ്യാഴാഴ്ച വൈകീട്ടുമുതൽ നിടുംപൊയിൽ ചുരം വഴിയുള്ള ഗതാഗതം പൊലീസ് പൂർണമായും നിരോധിച്ചിട്ടുണ്ട്. ഈ നിരോധനം നീക്കിയിട്ടില്ല. ഉരുൾപൊട്ടി ഗതാഗതം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞദിവസം ഭാഗികമായി ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാൽ, മഴ വീണ്ടും ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിരോധനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.