അടിക്കടി കല്ലേറ്; ട്രെയിൻ യാത്രക്കാർ ഭീതിയിൽ
text_fieldsകണ്ണൂർ: ട്രെയിനിനു നേരെ അടിക്കടിയുള്ള കല്ലേറിൽ ഭീതിയിലായി യാത്രക്കാർ. തുടർച്ചയായ നാലാംദിവസവും കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലേറുണ്ടായി. ബുധനാഴ്ച വൈകീട്ട് 3.49 ഓടെയാണ് തലശ്ശേരിക്കും വടകരക്കുമിടയിൽ കല്ലേറുണ്ടായത്. കാസര്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്.
ദിവസേന ആയിരങ്ങൾ യാത്രചെയ്യുന്ന ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നാലുദിവസം തുടർച്ചയായി കല്ലേറുണ്ടായിട്ടും ആരെയും പിടികൂടാനാവത്തത് റെയിൽവേ പൊലീസിന് തലവേദനയായിരിക്കുകയാണ്.
ഞായറാഴ്ച രാത്രി മിനുറ്റുകളുടെ ഇടവേളയിൽ കണ്ണൂരിനും നീലേശ്വരത്തിനും ഇടയിൽ മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ആർക്കും പരിക്കേറ്റില്ലെങ്കിലും കല്ലേറുണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സപ്രസിനും ഷൊർണൂർ ഭാഗത്തേക്കുള്ള ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെയാണ് കല്ലേറുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലുണ്ടായ കല്ലേറിൽ നേത്രാവതിയുടെ എ വൺ എസി കോച്ചിന്റെ ഗ്ലാസിന് പോറലേറ്റു. കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിലാണ് ചെന്നൈ സൂപ്പർ ഫാസ്റ്റിന്റെ ജനൽ ഗ്ലാസിൽ കല്ല് പതിച്ചത്. നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപം ഓക്ക എക്സപ്രസ് ട്രെയിനിനും കല്ലുപതിച്ചു. ഒരേസമയത്ത് മൂന്നിടത്ത് ട്രെയിനിന് നേരെ കല്ലേറുണ്ടായത് ആസൂത്രിതമാണെന്ന സംശയമുയർന്നു. അട്ടിമറി സാധ്യതയില്ലെന്നും സാമൂഹികദ്രോഹികൾ ചെയ്തതാകാമെന്നുമാണ് റെയിൽവേ പറയുന്നത്. അട്ടിമറി സാധ്യത തള്ളിയെങ്കിലും നിരന്തരം ട്രെയിനിന് നേരെ അക്രമമുണ്ടാകുന്നതിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയിൽവേ പൊലീസ്.
ട്രെയിനുകൾക്ക് സ്ഥിരമായി നേരെ കല്ലെറിയുന്നവരിൽ വിദ്യാർഥികളുണ്ടെന്നാണ് വിവരം. സ്കൂൾവിട്ട് മടങ്ങുന്ന സംഘങ്ങൾ ട്രെയിനിന് നേരെ കല്ലെറിയുന്നതായി പരാതിയുണ്ടായിരുന്നു. ട്രാക്കിനോട് ചേർന്ന കളിസ്ഥലങ്ങളിൽനിന്നും കല്ലേറുണ്ടാകാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. കുട്ടികൾ കൗതുകത്തിനാണ് കല്ലെറിയുന്നതെങ്കിലും അതുണ്ടാക്കുന്ന അപകടത്തെകുറിച്ച് ചിന്തിക്കാറില്ല. സി.സിടി.വിയടക്കം പരിശോധിച്ച് കുറ്റവാളികളെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് റെയിൽവേ പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.