ട്രെയിൻ യാത്രാദുരിതം; റെയിൽവേ മന്ത്രാലയം ഉടൻ ഇടപെടണം - കണ്ണൂർ ജില്ല പഞ്ചായത്ത്
text_fieldsകണ്ണൂർ: മലബാർ മേഖലയിലെ ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ജില്ല പഞ്ചായത്ത് പ്രമേയത്തിലൂടെ റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇടപെടണമെന്ന് ജില്ലയിലെ എം.പിമാരായ കെ. സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, ഡോ. വി. ശിവദാസൻ, അഡ്വ. പി. സന്തോഷ്കുമാർ, പാലക്കാട് ഡിവിഷൻ മാനേജർ എന്നിവരോടും ആവശ്യപ്പെട്ടു. ദിനേന 55 ട്രെയിനുകളാണ് കണ്ണൂർ വഴി കടന്നുപോകുന്നത്. എന്നാൽ, ഇന്നത്തെ യാത്ര ആവശ്യങ്ങളുടെ 25 ശതമാനം പോലും പരിഹരിക്കാൻ ഇതുകൊണ്ട് സാധിക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. കൂടുതൽ പാസഞ്ചർ ട്രെയിൻ അനുവദിക്കുക, ദീർഘദൂര യാത്ര ട്രെയിനുകളിൽ കൂടുതൽ സ്ലീപ്പർ, അൺ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക, കോഴിക്കോട്, മംഗളൂരു ഭാഗത്തേക്ക് ഇടവിട്ട് മെമു ട്രെയിൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസ് ആഴ്ചക്ക് ഒരു ദിവസം ഒഴിവാക്കുന്നത് ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പിറ്റ് ലൈൻ ഇല്ലെന്ന കാരണത്താലാണ്. കണ്ണൂരിന് നേരത്തേ അനുവദിച്ച പിറ്റ് ലൈൻ ഉടൻ പ്രാവർത്തികമാക്കിയാൽ കൂടുതൽ ട്രെയിൻ കണ്ണൂരിൽനിന്ന് ഓപറേറ്റ് ചെയ്യാൻ സാധിക്കുമെന്നും പി.പി. ദിവ്യ പറഞ്ഞു.
ജില്ല ആശുപത്രിയിൽ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള അനുമതി സർക്കാറിൽനിന്ന് തേടാൻ യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ഡി.എം.ഒയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം. താലൂക്ക് ആശുപത്രികളിൽനിന്ന് എല്ലാ കേസുകളും ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത് ഡി.എം.ഒ നിയന്ത്രിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ. സുരേഷ് ബാബു, അഡ്വ. ടി. സരള, അഡ്വ. കെ.കെ. രത്നകുമാരി, എം. രാഘവൻ, എൻ.പി. ശ്രീധരൻ, എ. മുഹമ്മദ് അഫ്സൽ, ജോസഫ് വക്കത്താനം, ജൂബിലി ചാക്കോ, ഇ. വിജയൻ, പി.പി. ഷാജിർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.