മണിക്കൂറുകളോളം വൈകിയോടി ട്രെയിനുകൾ; വലഞ്ഞ് യാത്രക്കാർ
text_fieldsകണ്ണൂർ: യാത്രക്കാരെ തുടരെത്തു തുടരെ വെള്ളംകുടിപ്പിച്ച് റെയിൽവേ, ട്രെയിൻ വൈകൽ തകൃതി. വ്യാഴാഴ്ച മാത്രം ട്രെയിനുകളെല്ലാം നാലുമുതൽ ആറുമണിക്കൂറുവരെയാണ് വൈകിയോടിയത്.
ഇതോടെ യാത്രക്കാർ വലഞ്ഞു. മംഗളൂരു ഭാഗത്തേക്ക് യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ഏറനാടും പരശുറാമും മണിക്കൂറുകളോളം വൈകിയോടി.
വടകര മുക്കാളിയിലും കണ്ണൂർ സൗത്തിലും പ്രവൃത്തി നടക്കുന്നതിനാലായിരുന്നു വ്യാഴാഴ്ച വൈകിയോടിയത്.
വടകര മുക്കാളിയിൽ പാലത്തിന്റെ പ്രവൃത്തിയും കണ്ണൂർ സൗത്തിൽ ജെല്ലി മാറ്റുന്നതും നടക്കുന്നതിനാൽ വ്യാഴാഴ്ച ഉച്ചക്ക് 12മുതൽ വൈകീട്ട് നാലുവരെയാണ് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ രാത്രി ഏറെ വൈകിയാണ് ട്രെയിനുകൾ എത്തിയത്.
പകൽ 2.12ന് കണ്ണൂരെത്തേണ്ട ഏറനാട് എക്സ്പ്രസ് രാത്രി 7.55നാണ് എത്തിയത്. 3.05ന് എത്തേണ്ട മംഗളൂരു സെൻട്രൽ എക്സ്പ്രസ് 7.20ന് എത്തി.
അഞ്ചിന് എത്തേണ്ട കണ്ണൂർ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ 7.05നാണ് എത്തിയത്.
4.20ന് എത്തേണ്ട മംഗളൂരു സെൻട്രൽ എക്സ്പ്രസ് 7.35, 5.55ന് എത്തേണ്ട മുംബൈ എൽ.ടി.ടി ഗരീബ്രഥ് എക്സ്പ്രസ് 7.25, പരശുറാം എക്സ്പ്രസ് ഒന്നേകാൽ മണിക്കൂർ വൈകി 7.45നുമാണ് എത്തിയത്.
മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് 1.20 മണിക്കൂർ വൈകി എട്ടിനാണ് എത്തിയത്.
നേത്രാവതി എക്സ്പ്രസ് അരമണിക്കൂർ വൈകി 8.05നും കണ്ണൂർ എക്സ്പ്രസ്, ഗാന്ധിധാം ഹംസഫർ അരമണിക്കൂറും വൈകി. ദിവസവും വിവിധ കാരണങ്ങളായി ട്രെയിൻ വൈകിയോടുന്നതോടെ യാത്രക്കാരിൽ നിന്നു പ്രതിഷേധം ശക്തമായിരിക്കുകയാണ്. രാവിലെ ഓഫിസിലേക്കും വൈകീട്ട് തിരിച്ചും പോകുന്നവർക്ക് തലവേദനയായിരിക്കുകയാണ് നിരന്തരമുള്ള ട്രെയിൻ വൈകൽ. ഇത് ഇനിയും തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനാണ് യാത്രക്കാരുടെ സംഘടനകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.