കോവിഡ് മഹാമാരിയിൽ പട്ടിണിയിലായി ട്രാൻസ് ജൻഡർമാർ
text_fieldsകണ്ണൂർ: കോവിഡ് മഹാമാരി എല്ലാ മേഖലകളെയും ബാധിച്ചപ്പോൾ ജില്ലയിലെ ട്രാൻസ് ജൻഡേഴ്സിേന്റയും ജീവിതം വഴിമുട്ടി. ലോക്ഡൗണായതോടെ പലരുടെയും ജോലിയും നഷ്ടമായി. സർക്കാറിെൻറ ഭാഗത്തുനിന്നടക്കം കാര്യമായ സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് ഈ വിഭാഗത്തിലുള്ളവർ പറയുന്നത്. ജില്ലയിൽ ഇരുന്നൂറോളം ട്രാൻസ് ജൻഡർമാരാണുള്ളത്. ഇതിൽ സ്വത്വം വെളിപ്പെടുത്തി സാമൂഹ്യ നീതി വകുപ്പിെൻറ തിരിച്ചറിയൽ കാർഡുള്ളവർ അമ്പതിനടുത്ത് മാത്രമാണ്.
കഴിഞ്ഞ രണ്ടുവർഷമായുള്ള കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും ഇൗ വിഭാഗത്തിെൻറ തൊഴിൽ മേഖലകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗംപേരും കലാരംഗത്തും അനുബന്ധമേഖലകളിലും പ്രവർത്തിക്കുന്നവരാണ്. രണ്ടുവർഷമായി സ്കൂൾ, കോളജ് കലോത്സവങ്ങൾ കാര്യമായി നടക്കാത്തതിനാൽ നൃത്താധ്യാപകരായി പോകുന്നവർക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും ജോലിയില്ലാതായി.
സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികളെ നൃത്തം പഠിപ്പിക്കാനും കഴിയുന്നില്ല. കോവിഡ് സാഹചര്യത്തിൽ വിവാഹം അടക്കമുള്ള ചടങ്ങുകൾ ലളിതമായതോടെ മേക്കപ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും തൊഴിൽ നഷ്ടമായി. ഹെയർ ഡ്രസിങ്, സാരി ഡ്രസിങ് തുടങ്ങിയ തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്നവരും ഏറെയാണ്. ട്രാൻസ് ജൻഡർമാരിൽ ഭൂരിഭാഗംപേരും വാടകവീടുകളിലാണ് കഴിയുന്നത്. കോവിഡിൽ വരുമാനം നിലച്ചതോടെ വാടകപോലും നൽകാനാവാത്ത സ്ഥിതിയാണ്. ചിലരെ വാടക നൽകാത്തതിനാൽ ഇറക്കിവിടുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.
നിർമാണമേഖലയിൽ ജോലിചെയ്യുന്നവരുടെ കാര്യവും മറിച്ചല്ല. ലോക്ഡൗണും നേരത്തെയെത്തിയ മഴയും നിർമാണ സാമഗ്രികളുടെ വിലവർധനയും ഈ മേഖലയിൽ ഉള്ളവരെയും പട്ടിണിയിലാക്കി. മറ്റ് ജില്ലകളിൽ സാമൂഹ്യനീതി വകുപ്പ് നൽകുന്ന ആവശ്യ സാധനങ്ങൾ ലഭിച്ചെങ്കിലും ജില്ലയിൽ വിതരണം ചെയ്തില്ലെന്ന് പരാതിയുണ്ട്. മിക്ക എൻ.ജി.ഒകളും ട്രസ്റ്റുകളും വിതരണം ചെയ്യുന്ന കിറ്റുകളും സഹായങ്ങളും എല്ലാവരിലേക്കും എത്തുന്നില്ലെന്ന് ജില്ലാ ട്രാൻസ് ജൻഡർ ജസ്റ്റിസ് ബോർഡ് അംഗം കാവ്യ പറഞ്ഞു. ട്രാൻസ് ജൻഡർമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സുരക്ഷ പ്രോജക്ടിെൻറ ഭാഗമായി കിറ്റ് നൽകിയപ്പോൾ ഭൂരിഭാഗം പേരെയും പരിഗണിച്ചില്ലെന്നും അവർ ആരോപിച്ചു.
ചില എൻ.ജി.ഒകൾ അടക്കം ട്രാൻസ് ജൻഡർ വിഭാഗങ്ങൾക്ക് സഹായമെത്തിക്കാറുണ്ടെങ്കിലും പലപ്പോഴും എല്ലാവരിലുമെത്താറില്ല. ഇവരുടെ വികസനം ലക്ഷ്യമിട്ട് സർക്കാർ തലത്തിൽ ധാരാളം പദ്ധതി പ്രഖ്യാപനങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും പലതും പാതിവഴിയിലാണ്. പലർക്കും റേഷൻകാർഡ് പോലുമില്ല. സ്വന്തമായി വീടില്ലാത്തവർക്ക് വീടുനൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ട്രാൻസ് ജൻഡർമാരുടെ നിലനിൽപ്പിനായി സർക്കാർ ഇടപെടണമെന്നാണ് ഇൗ വിഭാഗത്തിൽ ഉള്ളവരുടെ ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവർക്കും അല്ലാത്തവർക്കും ഹോർമോൺ മരുന്നുകൾ വാങ്ങാൻ മാസം 1,000 മുതൽ 1,500 വെര ചെലവുവരും. ട്രാൻസ് ജൻഡർമാർക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ തയാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.