ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു
text_fieldsചൊക്ലി: ചൊക്ലി വില്ലേജ് ഓഫിസിന് സമീപം പേരാൽമരം കടപുഴകി വീണ് വാഹന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് മഴയിൽ റോഡിന് സമീപത്തെ മരം കടപുഴകി വീണത്. കാറിന് മുകളിൽ വീഴുകയും കാർ ഭാഗികമായി തകരുകയും ചെയ്തു. എടച്ചേരിയിൽ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന കാറിന് മുകളിലും സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറുമാണ് മരത്തിനടിയിലായത്. കാറിലുണ്ടായിരുന്ന എടച്ചേരി സ്വദേശികളായ വിഷ്ണു (21), സായൂജ് (22) അർജുൻ (21), അഭിജിത്ത് (21) എന്നിവരും സമീപത്ത് പച്ചക്കറി കടയുടമ മുഴീക്കരയിലെ നിഷാന്ത് (42) എന്നിവരാണ് രക്ഷപ്പെട്ടത്. എൻ.കെ. ശ്രീജിത്ത്, സീനിയർ ഓഫിസർമാരായ കെ. ബൈജു, എൻ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പാനൂർ അഗ്നിരക്ഷ സേനയും മാഹിയിൽ നിന്നുളള അഗ്നിരക്ഷ സംഘവും സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ചൊക്ലി എസ്.ഐ എം. നൗഷാദ്, സി.പി.ഒ കെ. രൂപേഷ്, പള്ളൂർ എസ്.ഐ. കെ.സി. അജയകുമാർ, കോൺസ്റ്റബിൾമാരായ ഒ.പി. രാഹുൽ, എം. അഭിലാഷ്, അഖിലേഷ് അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ക്രമീകരണങ്ങൾ ഒരുക്കി. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, വൈസ് പ്രസിഡന്റ് എം.ഒ. ചന്ദ്രൻ, തലശേരി ഡെപ്യൂട്ടി തഹസിൽദാർ എൻ.പി. രമേശൻ എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.