മരം മുറിച്ച് മണ്ണെടുത്തു; നിലംപൊത്താറായി രജിസ്ട്രാർ ഓഫിസ്
text_fieldsകാടാച്ചിറ: കനത്ത മഴയിൽ കാടാച്ചിറ രജിസ്ട്രാർ ഓഫിസിന്റെ മതിൽ ഇടിഞ്ഞുവീണു. കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണത്തിനായി കൂറ്റൻ ആൽമരം മുറിച്ച് മണ്ണെടുത്തതോടെയാണ് കണ്ണാടിച്ചാലിലെ രജിസ്ട്രാർ ഓഫിസ് അപകടഭീഷണിയിലായത്. ഓഫിസ് കെട്ടിടത്തിനെറ സ്റ്റെപ്പടക്കം അപകട ഭീഷണിയിലാണ്. മുഖ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ചാണ് കാടാച്ചിറ ടൗൺ മുതൽ കാടാച്ചിറ എച്ച്.എസ്.എസ് വരെ റോഡരികുകൾ സൗന്ദര്യവത്കരണം നടത്തുന്നത്. ഇതിനായി സമീപത്തെ ആറോളം കൂറ്റൻ തണൽമരങ്ങളാണ് മുറിച്ചുമാറ്റിയത്.
സൗന്ദര്യവത്കരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ രജിസ്ട്രാർ ഓഫിസിലെ മതിൽക്കെട്ടുകൾ ആഴത്തിലുള്ള റോഡിലേക്ക് പതിച്ചത്. ദിവസവും നിരവധിയാളുകളാണ് രജിസ്ട്രാർ ഓഫിസിലും സമീപത്തെ വില്ലേജ് ഓഫിസിലും എത്തുന്നത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്ത ഇവിടെ ഓപൺ സ്റ്റേജ് നിർമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
തണൽമരങ്ങൾ മുറിച്ച് സൗന്ദര്യവത്കരണം നടത്തുന്നതിൽ നാട്ടുകാരിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് രജിസ്ട്രാർ ഓഫിസിലെ മതിൽക്കെട്ട് തകർന്നത്. അതേസമയം, തകർന്ന മതിൽക്കെട്ട് ഭാഗം ഉയരത്തിൽ കെട്ടി അപകട ഭീഷണി ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.