ആറളത്ത് 25 ഏക്കറിൽ മഞ്ഞൾപാടം; വിപണനത്തിന് റെയ്ഡ്കോയുമായി ധാരണ
text_fieldsകേളകം: ആറളം ഫാമിൽ വൈവിധ്യവത്കരണത്തിെൻറ ഭാഗമായി കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിെൻറ സഹകരണത്തോടെ 25 ഏക്കറിൽ നടത്തിയ മഞ്ഞൾകൃഷി പദ്ധതി വൻ വിജയം. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആവശ്യം നേരിട്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നായിരുന്നു മഞ്ഞൾ. മഞ്ഞളിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന പ്രചാരണത്തിന് ശാസ്ത്രീയ പിൻബലം വ്യക്തമല്ലെങ്കിലും മഞ്ഞളിെൻറ പ്രതിരോധശേഷി മലയാളികൾക്ക് എന്നും വശമായിരുന്നു. മഞ്ഞളിെൻറ പ്രാധാന്യം തിരിച്ചറിഞ്ഞ് ആറളം ഫാം ഉൾെപ്പടുന്ന പ്രദേശത്തെ മഞ്ഞൾ ഗ്രാമമാക്കാനുള്ള ശ്രമം ഫലം കാണുകയാണ്. കാസർകോട് സെൻട്രൽ പ്ലാേൻറഷൻ ഇൻസ്റ്റിറ്റ്യൂട്ടാണ് കൃഷി മാർഗനിർദേശങ്ങൾ നൽകിയത്.
ആറളത്ത് ഉൽപാദിപ്പിക്കുന്ന മഞ്ഞൾ പൂർണമായും ഏറ്റെടുക്കാമെന്ന് റെയ്ഡ്കോ, ഫാമുമായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. വിപണി വിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് റെയ്ഡ്കോ വാങ്ങുക. ഇക്കുറി 150 ടൺ മഞ്ഞളാണ് ഫാമിൽനിന്നും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് ഏക്കർ സ്ഥലത്താണ് മഞ്ഞൾ കൃഷി നടത്തിയത്. ഇത് പൊടിച്ച് ആറളം ബ്രാൻഡ് എന്ന പൊതുനാമത്തിൽ വിപണിയിൽ എത്തിച്ചിരുന്നു. ഇതിന് ലഭിച്ച സ്വീകാര്യതയാണ് കൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. വിപണിസാധ്യത പ്രയോജനപ്പെടുത്താനാണ് സർക്കാർ ഏജൻസിയായ റെയ്ഡ്കോയുമായി ധാരണയിൽ എത്തിയത്.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ മറ്റ് വിളകളൊന്നും കൂടുതൽ പ്രദേശത്ത് കൃഷി നടത്താൻ സാധിക്കുന്നില്ല. എന്നാൽ, ഇഞ്ചിയും മഞ്ഞളും കാട്ടാനകളും കാട്ടുപന്നിയും നശിപ്പിക്കുന്നില്ല. ആദിവാസി പുനരധിവാസ മേഖലയിൽ കഴിഞ്ഞ മൂന്ന്്്, നാല് വർഷമായി പട്ടയം കിട്ടിയവരുടെ ഭൂമിയിൽ കൃഷിവകുപ്പ് സൗജന്യമായി വിത്തും വളവും നൽകി മഞ്ഞൾ കൃഷി വ്യാപകമായി നടത്തിയിരുന്നു. മികച്ച ഉൽപാദനവും വന്യമൃഗങ്ങൾ നശിപ്പിക്കുന്നതിൽനിന്ന് ലഭിച്ച സംരക്ഷണവും കൃഷി വ്യാപിപ്പിക്കുന്നതിലേക്ക് നയിച്ചു.
പ്രതീക്ഷിക്കുന്നത് മികച്ച ഉൽപാദനം –ബിമൽ ഘോഷ് (ആറളം ഫാം എം.ഡി)
മഞ്ഞളിൽ നിന്നും പ്രതീക്ഷിക്കുന്നത് മികച്ച വരുമാനമാണ്. കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത് പൂർണമായും വിൽപന നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഫാമിൽ നിന്നുതന്നെ മഞ്ഞൾ പൊടിച്ച് പാക്കറ്റായി വിൽപനക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും ഇതോടൊപ്പം വളർന്നുവരും. ഇത് കൂടുതൽ തൊഴിലവസരങ്ങളും ഉണ്ടാക്കും. വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗം എന്ന നിലയിൽ പുതിയ പരീക്ഷണം വൻ വിജയമാണ്.
ആറളം ഫാം വികസന പദ്ധതികൾക്ക് തിരിച്ചടിയായി കാട്ടാനശല്യം
കേളകം: ആറളം ഫാമിന് പ്രതീക്ഷയേകി വൈവിധ്യവത്കരണ പദ്ധതികൾക്ക് സർക്കാർ കോടികൾ വകയിരുത്തുമ്പോഴും ആശങ്ക ബാക്കിയാക്കി കാട്ടാന ശല്യം. ഫാം വികസനത്തിന് രണ്ട് ഘട്ടങ്ങളിലായി സർക്കാർ ഒമ്പതര കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഫാമിെൻറ കൃഷിയിടത്തിൽനിന്ന് 38 ഓളം കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. വനാതിർത്തിയിൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വനത്തിലേക്ക് കടന്ന ആനകളിൽ പകുതിയിലധികവും കൃഷിയിടത്തിൽ തന്നെ തിരികെയെത്തി. വൻ കൃഷിനാശമാണ് ഒരോ വർഷവും ഇവിടെ ഉണ്ടാകുന്നത്. ആനപ്രതിരോധ മാർഗങ്ങൾ ഫലപ്രദമാക്കിയില്ലെങ്കിൽ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവും.
കഴിഞ്ഞ രാത്രി ആദിവാസി പുനരധിവാസ മിഷൻ ഓഫിസിന് മുന്നിലെ നിറയെ കായ്ഫലമുള്ള തെങ്ങ് കാട്ടാന കുത്തിവീഴ്ത്തിയിരുന്നു. കശുമാവ് നഴ്സറിയുടെ കമ്പിവേലിയും നശിപ്പിച്ചു. വികസന പ്രവർത്തനങ്ങളോടൊപ്പം വനാതിർത്തിയിൽ ആനമതിൽ നിർമിക്കാനുള്ള നടപടികളും പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായി. രണ്ട് വർഷത്തിനിടെ ആറളം ഫാമിൽ ആയിരക്കണക്കിന് തെങ്ങും മറ്റ് കാർഷിക വിളകളുമാണ് കാട്ടാനകൾ നശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.