കശുമാവിൻ തോട്ടം നശിച്ചിട്ട് രണ്ടുവർഷം: നഷ്ടപരിഹാരമില്ല
text_fieldsകേളകം: കൊട്ടിയൂർ പാലുകാച്ചി മലയിലെ 300 ഏക്കറോളം കശുമാവിൻ തോട്ടം നശിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും കർഷകർക്ക് നഷ്ടപരിഹാരമില്ല. കൊട്ടിയൂർ പഞ്ചായത്തിൽ പൊയ്യമല, പാലുകാച്ചി, ഒറ്റപ്ലാവ്, പന്നിയാംമല എന്നിങ്ങനെ ഒന്നുമുതൽ നാലുവരെ വാർഡുകളിലായി പരന്നുകിടന്നിരുന്ന 50തിലേറെ കർഷകരുടെ തോട്ടങ്ങളാണ് 2018, 2019 വർഷങ്ങളിലെ അമിത മഴയിലും തുടർന്നുണ്ടായ കൊടും ചൂടിലുമായി നശിച്ചത്.
2018ൽ കശുമാവുകൾ ഉണങ്ങി നശിക്കാൻ തുടങ്ങിയതോടെ കർഷകർ കൃഷിവകുപ്പിനെ സമീപിച്ചിരുന്നെങ്കിലും തടയാനുള്ള നടപടികൾ ഉണ്ടായില്ല. പിന്നീട് 2019ലെ അതിവർഷത്തോടെ കശുമാവുകൾ പൂർണമായും നശിച്ചു. ശേഷം കൃഷിവകുപ്പിനെ സമീപിച്ചിട്ടും ജനപ്രതിനിധികളെ കണ്ടിട്ടും ഒരു പ്രതികരണവുമില്ലെന്ന് കർഷകർ പറയുന്നു. കൂടുതൽ തോട്ടമുണ്ടായിരുന്ന 33 കർഷകർ ചേർന്ന് കൊട്ടിയൂർ കൃഷിഭവനിൽ നിവേദനം നൽകിയിരുന്നു. എന്നാൽ, അപേക്ഷ സ്വീകരിക്കാൻപോലും ഓഫിസർ തയാറായിെല്ലന്ന് കർഷകനായ ജോയി പൊട്ടങ്കൽ പറഞ്ഞു.
തോട്ടങ്ങളെല്ലാം നശിച്ചതോടെ കർഷകരിൽ കുറേപ്പേർ പറമ്പുകളിലേക്ക് പോകാതായി. ഇതോടെ അവയിൽ ഭൂരിഭാഗവും കാടുമൂടി. ഫോർവീൽ വാഹനങ്ങൾ മാത്രം പോകുന്നതും വാഹനങ്ങൾ പോകാത്തതുമായ ചെങ്കുത്തായ പ്രദേശത്ത് കൃഷി ചെയ്ത് ജീവിച്ച കർഷകരാണ് പ്രതിസന്ധിയിലായത്. ദിവസേന ക്വിൻറലിലേറെ കശുവണ്ടി ശേഖരിച്ചിരുന്ന സ്ഥാനത്ത് ഒേന്നാ രണ്ടോ കിലോഗ്രാമാണിപ്പോൾ കിട്ടുന്നതെന്ന് കർഷകർ പറഞ്ഞു.
എന്നാൽ, കർഷകരിൽ ചിലർ പ്രതിസന്ധിയിൽ തളർന്നു പോയില്ല. അവർ വീണ്ടും വാശിയോടെ കശുമാവിൻ തൈകൾ െവച്ചുപിടിപ്പിക്കുകയാണ്. ചെങ്കുത്തായ പ്രദേശത്തെ നശിച്ച കശുമാവുകൾ നീക്കി വീണ്ടും പുതിയവ നട്ടിരിക്കുകയാണവർ. ഗ്രാഫ്റ്റ് കശുമാവിനേക്കാൾ ഈ പ്രദേശങ്ങളിൽ നാടൻ ഇനങ്ങളാണ് അനുയോജ്യമെന്ന് കർഷകർ പറയുന്നു. കശുമാവിൻ തൈകൾ വാങ്ങുന്നതിന് വലിയ തുക നൽകി. പ്രദേശത്തെത്തിക്കുന്നതിനും നടുന്നതിനുമായി വേറെയും ചെലവാക്കി. നഷ്ടപരിഹാരം ലഭിച്ചാൽ ചെറിയൊരാശ്വാസം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.