യൂനിവേഴ്സിറ്റി-കണ്ണപുരം റോഡിൽ അടിപ്പാതക്ക് അനുമതി
text_fieldsധർമശാല: പ്രതിഷേധത്തിനും കാത്തിരിപ്പിനുമൊടുവിൽ മാങ്ങാട്ടുപറമ്പ് യൂനിവേഴ്സിറ്റി -കണ്ണപുരം റോഡിൽ അടിപ്പാത അനുവദിച്ചു. ദേശീയപാത നിർമാണത്തോടെയാണ് ഇവിടെ സഞ്ചാരം മുടങ്ങിയത്. യൂനിവേഴ്സിറ്റി -കണ്ണപുരം റോഡ് അടയുന്ന രീതിയിലായിരുന്നു അലൈൻമെന്റ്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ധർമശാല യൂനിവേഴ്സിറ്റി-കണ്ണപുരം റോഡിൽ അടിപ്പാത അനുവദിച്ചത്.
കഴിഞ്ഞ ദിവസം അടിപ്പാതക്കുള്ള അടയാളപ്പെടുത്തൽ നടത്തി. ബുധനാഴ്ച മുതൽ അടിപ്പാത നിർമിക്കുന്നതിനായി മണ്ണ് നീക്കാനുള്ള പ്രവൃത്തിയും തുടങ്ങി. പ്രധാന മേഖലകളിലേക്ക് പോകുന്ന തിരക്കേറിയ കണ്ണപുരം റോഡിന് അടിപ്പാത വേണമെന്ന് നേരത്തെ 'മാധ്യമം' വാർത്ത നൽകിയിരുന്നു. ധർമശാല കവലയിൽ 70 മീ. ദൈർഘ്യത്തിൽ മേൽപ്പാലത്തിന്റെ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. ഈ മേൽപ്പാലവും കഴിഞ്ഞ് 100 മീറ്റർ കഴിഞ്ഞാണ് നിലവിലുള്ള ദേശീയപാതയിൽ നിന്നും കണ്ണപുരം ഭാഗത്തേക്കുള്ള റോഡ് കടന്നുപോകുന്നത്. നിലവിൽ ആ ഭാഗത്തേക്ക് മാത്രം 15ൽ പരം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്.
റോഡിന്റെ വശങ്ങളിൽ റൂറൽ പൊലീസ് ആസ്ഥാനം, കെ.സി.സി.പി.എൽ ഐ.ടി പാർക്ക്, മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല ആസ്ഥാനം, കെൽട്രോൺ എന്നിവയുണ്ട്. ഇക്കോ ടൂറിസം മേഖലയായ വെളളിക്കീൽ ഇക്കോ പാർക്ക്, പ്രഫഷനൽ കോളജുകൾ തുടങ്ങിയവയും മൊറാഴ, അഞ്ചാംപീടിക, കണ്ണപുരം, ചെറുകുന്ന് ഭാഗത്തേക്കുള്ള പ്രധാന പാതയുമാണിത്. ബസുകളും വലിയ വാഹനങ്ങളും ധർമശാലയിൽ നിന്ന് നാലു കി. മീറ്റർ ചുറ്റുന്നത് അടിപ്പാത വരുന്നതോടെ ലാഭിക്കാം. എന്നാൽ, അടിപ്പാതയുടെ വീതിയും ഉയരവും സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.