കല്യാശ്ശേരിയിലെ അടിപ്പാത നിർമാണം അന്തിമഘട്ടത്തിൽ
text_fieldsകല്യാശ്ശേരി: ജനകീയ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത കല്യാശ്ശേരിയിലെ അടിപ്പാത നിർമാണം അന്തിമഘട്ടത്തിൽ. പ്രവൃത്തി പൂർത്തിയാകുന്നതോടെ ഇരുവശത്തുമുള്ള ജനങ്ങൾക്ക് മാർഗതടസ്സം നേരിടുന്നില്ലെന്ന കാര്യത്തിൽ പ്രദേശവാസികൾ ആഹ്ലാദത്തിലാണ്.
പരിഹാരം അടിപ്പാത യാത്ര എന്ന തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത നൽകിയതോടെയാണ് ജനകീയ പ്രക്ഷോഭത്തിന് ആക്കംകൂടിയത്.
കല്യാശ്ശേരിയിലെ ജനകീയ പ്രക്ഷോഭം ഫലം കണ്ടപ്പോൾ മൂന്നു മീറ്റർ നീളവും 2.5 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് കെവി റോഡിനു സമാനമായി നിർമിക്കാൻ ധാരണയായത്. ഇതുവഴി കാർ, ഓട്ടോറിക്ഷ, സൈക്കിൾ എന്നിവക്ക് കടന്നുപോകാൻ സാധിക്കും.
കല്യാശ്ശേരിയിൽ അടിപ്പാതയില്ലെങ്കിൽ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന കെ.പി.ആർ. ഗോപാലൻ മെമ്മോറിയൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് അഞ്ചു കിലോമീറ്ററിൽ അധികം ചുറ്റേണ്ടി വരുമായിരുന്നു. എന്നിട്ടും അടിപ്പാതയുടെ ആവശ്യം അംഗീകരിക്കാതിരിക്കാൻ ദേശീയ പാത അധികൃതർ നിരവധി തടസ്സവാദങ്ങൾ നിരത്തിയിരുന്നു.
ഐ.ആർ.സി (ഇന്ത്യൻ റോഡ് കോൺഗ്രസ്) നിയമാവലി നിബന്ധന പ്രകാരം ടോൾ പ്ലാസയുടെ 500 മീറ്റർ പരിധിയിൽ രണ്ട് അടിപ്പാത നിർമാണം അനുവദനീയമല്ലെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ, ജനകീയ പ്രക്ഷോഭത്തിലൂടെ ഇതെല്ലാം മറികടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.