കല്യാശ്ശേരിയിൽ അടിപ്പാത നിർമാണം പുരോഗമിക്കുന്നു
text_fieldsകല്യാശ്ശേരി: കല്യാശ്ശേരിയില്‍ അടിപ്പാതയുടെ നിർമാണം പുരോഗമിക്കുന്നു. ദേശത്തെ രണ്ടായി മുറിച്ചു മാറ്റുന്നതരത്തിൽ ദേശീയപാതയുടെ നിർമാണത്തിലുള്ള മാറ്റംവരുത്തില്ലെന്ന ദേശീയപാത അധികൃതരുടെ തീരുമാനത്തെയാണ് പഞ്ചായത്തും രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളുടെ കൂട്ടായ്മയോടെയും നടത്തിയ ഇടപെടലിലൂടെയും തിരുത്തിച്ചത്.
‘പരിഹാരം അടിപ്പാത മാത്രം’ എന്ന തലക്കെട്ടിൽ മാധ്യമം കഴിഞ്ഞ ജനുവരിയിൽ വാർത്ത നൽകിയതിനെ തുടർന്നാണ് ജനകീയ പ്രക്ഷോഭത്തിന് ആക്കം കുട്ടിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരിയിൽ പുതിയ അടിപ്പാത നിർമാണത്തിന് അധികൃതര്‍ ഒടുവില്‍ അനുമതി നൽകാന് നിര്‍ബന്ധിതരായി. മൂന്നു മീറ്റർ നീളവും 2.5 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് കെ.വി റോഡിന് സമാനമായി നിർമിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരിയിലെ ജനങ്ങൾ അനുഭവിക്കുന്ന സഞ്ചാര സ്വാതന്ത്ര്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി രാജ്മോഹൻ ഉണ്ണിത്താൻ എം.പി, രാജ്യസഭാ എം.പി.മാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, എം. വിജിന്. എം.എല്‍.എ എന്നിവരെല്ലാം ശ്രമിച്ചു.
കല്യാശ്ശേരിയിൽ ടോൾ പ്ലാസ നിര്‍മാണവുമായി ബന്ധപ്പെട്ട് ഹാജി മൊട്ട ഇടിച്ചുതിരത്തി റോഡ് നവീകരിക്കുന്നതോടെ സമീപത്തെ 14ഓളം ഗ്രാമീണ റോഡുകള്‍ ഇല്ലാതാകുന്നത്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന കല്യാശ്ശേരിയിലെ കെ.പി.ആർ. ഗോപാലൻ മെമ്മോറിയൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് സ്കൂളിലേക്കുള്ള പോക്കുവരവാണ് അടിപ്പാതയില്ലെങ്കില്‍ ദുരിതത്തിലാവുന്നത്. ഇക്കാരണത്താലാണ് അടിപ്പാതയുടെ ആവശ്യം ശക്തമായി ഉന്നയിച്ചത്. ഇത് അംഗീകരിക്കാൻ ജില്ല ഭരണകൂടം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐ.ആർ.സി. (ഇന്ത്യൻ റോഡ് കോൺഗ്രസ്) നിയമാവലിയുടെ നിബന്ധന പ്രകാരമാണ് ദേശീയപാത പ്രവൃത്തികൾ നടന്നുവരുന്നത്. പഴയ രജിസ്ട്രാർ ഓഫിസിനു സമീപത്തുകൂടി ബിക്കിരിയൻ പറമ്പ് ഭാഗത്തേക്കു പോകുന്ന പ്രദേശത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ അവിടെ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ റോഡിലാണ് മുസ്ലിം പള്ളിയും ഖബർസ്ഥാനും സ്ഥിതിചെയ്യുന്നത്.
ഐ.ആർ.സി.യുടെ നിബന്ധന പ്രകാരം ടോൾ പ്ലാസയുടെ 500 മീറ്റർ പരിധിയിൽ രണ്ട് അടിപ്പാത നിർമാണവും അനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ ആദ്യതീരുമാനം.
ജനകീയ പ്രക്ഷോഭവും ജനപ്രതിനിധികളുടെ ഒറ്റക്കെട്ടായ ശ്രമവും കാരണം തീരുമാനം അധികൃതര്‍ തന്നെ തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.