ഒ.കെ.യു.പി സ്കൂളിന് സമീപം അടിപ്പാത; കർമസമിതി സമരത്തിലേക്ക്
text_fieldsഎടക്കാട്: ദേശീയപാത 66ൽ എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപം അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കർമസമിതി രൂപവത്കരിച്ച് സമര പരിപാടികൾ തുടങ്ങി. വളരെ കാലമായി സ്കൂളിന് മുന്നിലൂടെ കടന്നു പോകുന്ന റോഡ് അടച്ച് ദേശീയ പാത നിർമിച്ചതിൽ പ്രതിഷേധിച്ചാണ് സമരത്തിന് തുടക്കം കുറിച്ചത്.
റോഡിന് എതിർവശം താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയിലാണെന്നും സ്കൂളിലേക്ക് കുട്ടികൾ വളരെ ദൂരം ചുറ്റി വരേണ്ട അവസ്ഥയിലാണെന്നും കർമസമിതി പ്രവർത്തകർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സമരം ശക്തമാക്കാനാണ് തീരുമാനം.
ദേശീയപാത അതോറിറ്റി ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കൗൺസിലർ കെ.വി. സവിത ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാൻ ഷാജി മീത്തൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.വി. വിനോദ് കുമാർ, എം. സതീശൻ, കെ.വി. ഹരിദാസൻ, പദ്മാക്ഷൻ എന്നിവർ സംസാരിച്ചു. അതിനിടെ ചാല ബൈപാസിനടുത്ത് ഈരാണിപ്പാലം നിവാസികളും നടപ്പാത ആവശ്യപ്പെട്ട് റോഡിലിറങ്ങി.
ഇക്കഴിഞ്ഞ രാത്രി സജീവൻ വായനശാലക്കടുത്ത് കർമസമിതിയുടെ നേതൃത്വത്തിൽ നിർമാണം തടയാൻ നാട്ടുകാരെത്തി. വഴിയടച്ചുള്ള റോഡ് നിർമാണം തടയാൻ തിങ്കളാഴ്ച രാത്രി നാട്ടുകാർ സംഘടിച്ചെത്തുകയായിരുന്നു. അടിപ്പാതയോ നടപ്പാതയോ വേണമെന്നാവശ്യപ്പെട്ടാണ് ബാനർ കെട്ടി നാട്ടുകാർ എത്തിയത്. രാത്രി നിർമാണം നടക്കാതെ വന്നത് കാരണം അവർ തിരിച്ചുപോവുകയായിരുന്നു.
ദേശീയപാത 66ന്റെ പണികൾ അതിവേഗത്തിൽ പുരോഗമിക്കവെ അടിപ്പാത സമരവും ശക്തമാകുന്ന കാഴ്ചയാണ്. നേരത്തേ എടക്കാടും കുളം ബസാറിലും രൂപം കൊണ്ട അടിപ്പാത സമരം പരിഹരിക്കപ്പെട്ടതിന് പിന്നാലെ മഠം നിവാസികൾ അടിപ്പാത വേണമെന്ന ആവശ്യവുമായി ഒരു മാസത്തിലധികമായി പന്തൽ കെട്ടി സമരം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.