കോടങ്ങാട് റോഡ് പണി പാതിവഴിയിൽ, ജനം കുടുങ്ങി
text_fieldsകണ്ണൂർ: ഏറെ കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ താഴെ ചൊവ്വക്ക് സമീപത്തെ കോടങ്ങാട് റോഡ് പ്രവൃത്തി പാതിവഴിയിൽ നിർത്തി. താഴെചൊവ്വ തെഴുക്കിലെപീടികയിലെ എ.കെ.ജി റോഡിൽ നിന്ന് ആരംഭിച്ച് മുണ്ടയാട് എൽ.പി. സ്കൂളുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രവൃത്തിയാണ് പാതിവഴിയിൽ നിർത്തിയത്. പദ്ധതിക്കായി കോർപറേഷൻ 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. 100 മീറ്റർ ദൂരത്തിൽ തോടിന് കുറുകെ സ്ലാബ് വിരിച്ച് റോഡാക്കാനായിരുന്നു പദ്ധതി. ഇതുപ്രകാരം എ.കെ.ജി റോഡ് മുതൽ പ്രവൃത്തി ആരംഭിച്ചു. എന്നാൽ 100 മീറ്റർ സ്ലാബിട്ട് റോഡാക്കേണ്ട പ്രവൃത്തി 58 മീറ്ററായപ്പോൾ പാതിവഴിയിൽ നിർത്തുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വകയിരുത്തിയ ഫണ്ട് തീർന്നതാണ് പ്രവൃത്തി നിർത്താൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ സമീപത്തെ കുടുംബങ്ങൾ ദുരിതത്തിലായി. നൂറോളം കുടുംബങ്ങളാണ് പ്രവൃത്തി നടക്കുന്ന സമീപത്ത് താമസിക്കുന്നത്. നേരത്തേ കാൽനടയെങ്കിലും സാധ്യമായിരുന്നു. ഇപ്പോൾ ഇതും പ്രയാസമായ സ്ഥിതിയാണ്. ഏറെക്കാലത്തെ പ്രതിഷേധനത്തിനൊടുവിലാണ് റോഡിനായി ഫണ്ട് അനുവദിച്ചത്. അതും തികയാത്തതിൽ പ്രദേശവാസികളിൽ പ്രതിഷേധം ശക്തമാകുകയാണ്.
കാലവർഷത്തിൽ വെള്ളംകയറുന്ന സ്ഥലത്ത് പ്രവൃത്തി നിർത്തിയതോടെ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ഭയവും നാട്ടുകാർക്കുണ്ട്. പ്രവൃത്തി പൂർത്തിയാക്കുന്നില്ലെങ്കിലും സ്ലാബ് നിർമിച്ച് കാൽനടക്കുള്ള വഴിയെങ്കിലും ഒരുക്കിത്തരണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം. നിലവിൽ വാഹനങ്ങൾ വരാത്തതുകാരണം കിടപ്പിലായ രോഗികളെയടക്കം ഏറെപ്രയാസപ്പെട്ടാണ് ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോകുന്നത്. പ്രവൃത്തി പൂർത്തിയായാൽ മുണ്ടയാട് എൽ.പി സ്കൂളിൽ നിന്ന് നൂറുമീറ്റർ മാത്രമേ ദേശീയപാതയിലെത്താൻ ആവശ്യമുള്ളൂ. ഇതു പ്രദേശവാസികൾക്ക് ഏറെ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.