ഓർമയിൽ മായാതെ, തീഗോളം വിഴുങ്ങിയ ആ രാത്രി
text_fieldsകണ്ണൂർ: തലശ്ശേരിയിൽ ടാങ്കർ അപകടത്തിൽപെട്ട വാർത്ത പരന്നതോടെ കണ്ണൂരിന്റെ ഓർമയിൽ തീഗോളം വിഴുങ്ങിയ ചാല ടാങ്കർ ദുരന്തത്തിന്റെ ആ രാത്രിയായിരുന്നു. 2012 ആഗസ്റ്റ് 27ന്റെ രാത്രി ചാലയിലെ ജനങ്ങൾക്ക് ദുരന്തരാത്രിയായിരുന്നു. അന്ന് രാത്രി 11ഓടെ മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പാചകവാതകം കയറ്റിവന്ന ബുള്ളറ്റ് ടാങ്കർ, കണ്ണൂർ–കൂത്തുപറമ്പ് റോഡിലുള്ള ചാല സാധു ജങ്ഷനിൽ ഡിവൈഡറിൽ തട്ടി മറിഞ്ഞാണ് പൊട്ടിത്തെറിച്ചത്. ഇതേ തുടർന്ന് ആളിപ്പടർന്ന അഗ്നിയിൽ പൊലിഞ്ഞത് 20 ജീവനുകളായിരുന്നു.
ഉത്രാടനാളിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. ബസിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവറെ കാബിനിൽനിന്ന് പുറത്തെത്തിക്കുമ്പോഴേക്കും സേഫ്റ്റി വാൾവ് വഴി വാതകം ലീക്കായിത്തുടങ്ങിയിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവറുടെ നിർദേശപ്രകാരം അവിടെ ഉണ്ടായിരുന്നവർ നാട്ടുകാരെ അറിയിക്കുകയും തുടര്ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നടത്തവേയാണ് ടാങ്കറിന് പെട്ടെന്ന് തീപിടിച്ചത്. ടാങ്കറിനകത്തേക്ക് പടർന്ന തീ വഴി ടാങ്കർ പൊട്ടിത്തെറിച്ച് അഗ്നിഗോളമായി രൂപാന്തരപ്പെടുകയായിരുന്നു.
മിനിറ്റുകളോളം ആർക്കും പ്രവേശിക്കാനാവാത്തവിധം പ്രദേശം നിന്നുകത്തുകയായിരുന്നു. തീ അടങ്ങിയശേഷം രക്ഷാപ്രവർത്തനത്തിന് എത്തിയവർക്ക് കാണാനായത് പൊള്ളലേറ്റ ശരീരങ്ങളും കത്തിക്കരിഞ്ഞ മൃതദേഹങ്ങളുമായിരുന്നു. ശ്മശാന ഭൂമിയായി മാറിയിരിന്നു ചാല പ്രദേശം. അഗ്നി ഒരുനാടിനെ വിഴുങ്ങുകയായിരുന്നു. ദുരന്തത്തിൽ മൂന്ന് കുടുംബങ്ങൾ നാമാവശേഷമായി. അഞ്ചുവീടുകൾ കത്തിനശിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. ഓരോ ദിവസവും പരിക്കേറ്റവർ മരിച്ചപ്പോൾ ജീവൻവെടിഞ്ഞവരുടെ എണ്ണം 20 ആകുകയായിരുന്നു.
പിന്നീട് 2021ൽ രണ്ടുതവണ ചാലയിൽ ടാങ്കർ അപകടത്തിൽപെട്ടിരുന്നു. 2021 മേയ് ആറിന് ചാല ബൈപാസിലും ആഗസ്റ്റ് 13ന് ചാലയിൽ ചിന്മയ മിഷൻ കോളജിന് സമീപവുമായിരുന്നു അപകടം. രണ്ട് അപകടത്തിലും രക്ഷാപ്രവർത്തനം പൂർണമാകുന്നതുവരെ നാട് നെഞ്ചിടിപ്പിലായിരുന്നു. ഇതേ ഭീതിയുടെ മുൾമുനയിലായിരുന്നു തലശ്ശേരിയിലും രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതുവരെയുള്ള സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.