ശീട്ടുകളിക്കാനും മുട്ട വാങ്ങാൻ പോകാനുമൊക്കെ ഓൺലൈൻ അപേക്ഷകൾ; കുഴങ്ങി പൊലീസ്
text_fieldsകണ്ണൂർ: സുഹൃത്തിെൻറ വീട്ടിൽ ശീട്ടുകളിക്കാനും മുട്ട വാങ്ങാൻ പോകാനുമൊക്കെയാണ് പലർക്കും ഇ-പാസ്. സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് അത്യാവശ്യ കാര്യങ്ങൾക്കായി ഏർപ്പെടുത്തിയ ഓൺലൈൻ പാസിനായാണ് വിചിത്ര ആവശ്യങ്ങളുമായി നിരവധി അപേക്ഷകൾ വരുന്നത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടുവം സ്വദേശിയായ 24കാരനാണ് റമ്മി കളിക്കാൻ കൂട്ടുകാരെൻറ വീട്ടിൽ പോകാൻ കഴിഞ്ഞ ദിവസം പാസിനായി അപേക്ഷിച്ചത്.
ഇ -പാസ് സംവിധാനത്തെ തമാശയായി കണ്ടാണ് പട്ടുവം അരിയിൽ സ്വദേശിയായ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അപേക്ഷ നൽകിയത്. ആവശ്യം കണ്ടതോടെ പൊലീസ് ഞെട്ടി. തുടർന്ന് ജില്ല പൊലീസ് ആസ്ഥാനത്തുനിന്ന് വിവരം കൈമാറിയതോടെ തളിപ്പറമ്പ് പൊലീസ് യുവാവിനെ കൈയോടെ പൊക്കി. സി.ഐയുെട നേതൃത്വത്തിൽ താക്കീതുനൽകിയാണ് വീട്ടിലേക്ക് വിട്ടയച്ചത്. മുട്ട, പാൽ എന്നിവയടക്കം വാങ്ങാനുള്ള നിസ്സാര അപേക്ഷ സമർപ്പിക്കുന്ന വിരുതന്മാർ ഏറെയാണ്. കാര്യത്തിെൻറ ഗൗരവം മനസ്സിലാക്കാതെയാണ് ചിലർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്. ഇത്തരത്തിലുള്ള അപേക്ഷകൾ കൂടുതലായും സമർപ്പിക്കുന്നത് യുവാക്കളാണെന്നാണ് പൊലീസ് ഭാഷ്യം.
കൂടുതൽ േപരും ലോക്ഡൗണിനോട് സഹകരിക്കുന്നുണ്ടെങ്കിലും ഇ -പാസോ, കൃത്യമായ സത്യവാങ്മൂലമോ ഇല്ലാതെ ചുരുക്കംചിലർ പുറത്തിറങ്ങുന്നുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം ബൈക്കിൽ കണ്ണൂർ നഗരത്തിലെത്തിയ യുവാവിെൻറ കൈവശം സത്യവാങ്മൂലമോ ഇ -പാസോ ഉണ്ടായിരുന്നില്ല. ചോദ്യംചെയ്യലിൽ പരുങ്ങിയ യുവാവ് രക്തദാനത്തിന് പോകുകയാണെന്ന് പൊലീസിനോട് തട്ടിവിട്ടു. ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് രക്തദാനം നിർവഹിച്ച സർട്ടിഫിക്കറ്റ് കാണിച്ചാൽ വിട്ടുതരാമെന്ന് പറഞ്ഞു. ഇതോടെ പരുങ്ങലിലായ യുവാവ് ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെത്തി രക്തദാനം നടത്തി. ഈ സർട്ടിഫിക്കറ്റ് കാണിച്ചതിന് ശേഷമാണ് പൊലീസ് വാഹനം വിട്ടുനൽകിയത്.
എല്ലാ ജില്ലകളിലും ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ 10 ശതമാനം പേർക്കാണ് പൊലീസ് പാസ് അനുവദിക്കുന്നത്. ആയിരക്കണക്കിന് അപേക്ഷകളാണ് പ്രതിദിനം പൊലീസ് വെബ്സൈറ്റിൽ ഓരോ ജില്ലയിൽനിന്നും സമർപ്പിക്കുന്നത്. പാസിന് അപേക്ഷിക്കാൻ പാടില്ലെന്ന് നിയമപരമായി പറയാൻ സാധിക്കില്ലെന്നും എന്നാൽ, ഭൂരിപക്ഷം അപേക്ഷകളും നിസ്സാര ആവശ്യങ്ങൾക്കുള്ളതാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. വളരെ സൂക്ഷ്മതയോടെയാണ് പൊലീസ് പാസ് അനുവദിക്കുന്നതെന്നും ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്താൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.