തലശ്ശേരി കൊടുവള്ളി-മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണം; 1100 ഭൂവുടമകളെ ബാധിക്കുമെന്ന് സാമൂഹികാഘാത പഠനം
text_fieldsകണ്ണൂർ: തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി-മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണം 1100 ഭൂവുടമകളെ നേരിട്ട് ബാധിക്കുമെന്ന് സാമൂഹിക പ്രത്യാഘാത പഠനം. നിർദിഷ്ട പദ്ധതി മൂലം ഏകദേശം 1800ലധികം കൈവശഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും പഠനത്തിൽ പറയുന്നു. മൂന്ന് മതസ്ഥാപനങ്ങൾ പൂർണമായും അഞ്ച് മതസ്ഥാപനങ്ങൾ ഭാഗികമായും മൂന്ന് സ്കൂൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും ഏറ്റെടുക്കേണ്ടിവരുമെന്നും പഠനത്തിന്റെ കരട് രേഖയിൽ പറയുന്നു. പള്ളികൾ, റേഷൻ കടകൾ, ബാങ്ക്, വായനശാലകൾ, സ്കൂളുകൾ, അംഗൻവാടികൾ തുടങ്ങിയ 15 സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ടിവരുക.
140 ഭൂവുടമകളുടെ കച്ചവടം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കടമുറികളും കെട്ടിടങ്ങളും ഭാഗികമായോ പൂർണമായോ ബാധിക്കും. 100 വീടുകൾ ഭാഗികമായോ പൂർണമായോ നഷ്ടപ്പെടും. 177 വ്യക്തികളുടെ മതിലും 116 വ്യക്തികളുടെ ഗേറ്റും പൊളിക്കേണ്ടിവരും. 4441 മരങ്ങൾ മുറിച്ചു മാറ്റേണ്ടിവരുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. റോഡ് നവീകരണത്തിന് 39.93 ഹെക്ടർ ഭുമിയാണ് ഏറ്റെടുക്കുന്നത്. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽപെടുന്ന ഏഴ് വില്ലേജുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 21.960 കി.മീ ദൂരമാണ് റോഡിനുള്ളത്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 423.72 കോടി രൂപയാണ് വകയിരുത്തിയത്.
ഭൂമി ഏറ്റെടുക്കൽ കാലതാമസം കൂടാതെ പൂർത്തീകരിക്കണമെന്നും ആഘാത ബാധിതർക്കുള്ള നഷ്ടപരിഹാരം കഴിയുന്നതും വേഗത്തിൽ നൽകണമെന്നും കരട് രേഖ നിർദേശിക്കുന്നു. പദ്ധതി നടപ്പാക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട് മാറ്റിപ്പാർപ്പിക്കേണ്ടി വരുന്ന കുടുബങ്ങൾക്ക് മുൻഗണന നൽകണം.
പദ്ധതിയുടെ സാമൂഹിക സാമ്പത്തിക നേട്ടങ്ങൾ ഇതിന്റെ വിപരീത പ്രത്യാഘാതങ്ങളേക്കാൾ കൂടുതലായിരിക്കുമെന്ന നിഗമനമാണുള്ളത്. അതിനാൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ കരട് രേഖയിൽ ശിപാർശ ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.