വളപട്ടണം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്; പഞ്ചായത്തിന് തിരികെ ലഭിക്കാൻ നടപടിയില്ല
text_fieldsവളപട്ടണം: വളപട്ടണം പഞ്ചായത്ത് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രവർത്തനത്തിൽ നിയമവിരുദ്ധ നിലപാട്. 1975ൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 2.25 ഏക്കർ ഭൂമിയിൽപ്പെട്ട സ്ഥലം പൊതുമേഖല സ്ഥാപനമായ സിഡ്കോവിന് 30 വർഷം കഴിഞ്ഞാൽ തിരിച്ചുതരണമെന്ന നിബന്ധനയിൽ പാട്ടത്തിന് നൽകിയിരുന്നു.
പിന്നീട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിച്ച് 11 മുറികളുള്ള കെട്ടിടം നിർമിക്കുകയും വിവിധ സംരംഭകർക്ക് നൽകുകയും ചെയ്തു. എന്നാൽ, 49 വർഷമായിട്ടും സിഡ്കോ കെട്ടിടമോ ഭൂമിയോ പഞ്ചായത്തിന് വിട്ടുകൊടുക്കാതെ കൈവശം വെച്ചിരിക്കുകയാണ്.
11 മുറികളിലായി സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നികുതിയിനത്തിൽ തുച്ഛമായ വരുമാനം മാത്രമാണ് പഞ്ചായത്തിന് ലഭിക്കുന്നതെന്നാണ് ആക്ഷേപം.
എന്നാൽ, കൈവശക്കാരായ നടത്തിപ്പുകാർ മറുവാടകക്ക് നൽകി ലക്ഷങ്ങൾ സമ്പാദിക്കുന്നതായി പരാതിയുണ്ട്. അതിനിടെ വർഷങ്ങൾക്കുമുമ്പ് മിനി വ്യവസായ കേന്ദ്രത്തിന്റെ കെട്ടിടത്തിന് സമാന്തരമായി പഞ്ചായത്ത് ഭൂമിയിൽ കൈവശക്കാരിൽ ഒരാൾ അനധികൃതമായി രണ്ട് മുറികൾ കൂടി നിർമിക്കുകയുണ്ടായി.
കെട്ടിടത്തിന് നമ്പർ ഇല്ലാത്തതിനാൽ വാടകയോ കെട്ടിട നികുതിയോ പഞ്ചായത്തിന് ലഭിക്കുന്നില്ല. മെഴുകുതിരി നിർമാണം, തീപ്പെട്ടി നിർമാണം, സോപ്പ് നിർമാണം, കൈത്തറി പോലുള്ള ചെറുകിട സംരംഭങ്ങൾ എന്നിവക്ക് മാത്രമേ അനുമതിയുള്ളൂവെന്ന നിബന്ധനയുമുണ്ടായിരുന്നു.
എന്നാൽ, നിബന്ധനകൾ കാറ്റിൽ പറത്തി മരത്തടി സംബന്ധമായ വ്യവസായങ്ങളാണ് ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതാവട്ടെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വേണ്ട സംരംഭങ്ങളാണ്.
ഏതാനും മീറ്റർ അകലെ മാത്രം ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നതിനാൽ പ്രവർത്തനാനുമതി ലഭിക്കില്ല. പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തുന്ന സ്ക്രാപ് വ്യാപാരിയും ഇവിടെ ഒരു മുറിയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു വാടകയും നൽകാതെ പഞ്ചായത്തിന്റെ സ്ഥലത്താണ് പാഴ് വസ്തുക്കൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ഇത് തീപിടിത്തം പോലുള്ള വൻ അപകടങ്ങൾക്ക് കാരണമാകും.
മറ്റ് പൊതു ആവശ്യങ്ങൾക്ക് പഞ്ചായത്തിന് കൂടുതൽ പൊതുസ്ഥലം ലഭ്യമല്ലാത്തതിനാലും കരാർ കാലാവധി കഴിഞ്ഞതിനാലും മിനി വ്യവസായ കേന്ദ്രം പഞ്ചായത്തിന് തിരിച്ച് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2021 സെപ്റ്റംബർ 20ന് പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. സിഡ്കോക്കും ജില്ല കലക്ടർക്കും കത്ത് നൽകിയെങ്കിലും ഇതുവരെ തുടർ നടപടിയായില്ല.
എന്നാൽ, മുമ്പ് കൈവശം വെച്ചിരുന്ന സംരംഭകർ കൈവശകരാർ രേഖ ഉണ്ടാക്കി കെട്ടിടം പണം വാങ്ങി മറിച്ചുവിൽക്കുകയും മറുവാടകക്ക് നൽകി നിയമ വിരുദ്ധമായി ലക്ഷങ്ങൾ സമ്പാദിക്കുകയുമാണ്. ഇതിനിടെ ഭൂമിയുടെ അവകാശം സംബന്ധിച്ച് തർക്കം ഉണ്ടായെങ്കിലും ഭൂമി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ തന്നെയാണെന്ന് വളപട്ടണം വില്ലേജ് ഓഫിസർ സാക്ഷ്യപത്രം നൽകിയിരുന്നു.
സംസ്ഥാനത്തെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തായ വളപട്ടണത്ത് ഭൂമിയുടെ ദൗർലഭ്യം മറ്റ് സംരംഭങ്ങൾ തുടങ്ങുന്നതിന് വിലങ്ങ് തടിയാവുകയാണ്. വ്യവസായ കേന്ദ്രത്തിന്റെ നടത്തിപ്പിലൂടെയും വാടകയിനത്തിൽ കൂടിയും പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപ വരുമാനം നേടാമെന്നിരിക്കെ വ്യവസായ കേന്ദ്രം യഥാർഥ അവകാശിയായ പഞ്ചായത്തിന് ലഭിക്കുവാനുള്ള ശ്രമങ്ങൾക്ക് വേഗത്തിൽ ഫലം കാണേണ്ടതുണ്ട്.
നടപടി നീളുന്ന പക്ഷം പൊതുപ്രവർത്തകർ ഇതുസംബന്ധിച്ച് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.