നിർമാണം നിലച്ചിട്ട് മൂന്നു പതിറ്റാണ്ട്; ചരമമടഞ്ഞ് വഞ്ചിയം ജലവൈദ്യുതി പദ്ധതി
text_fieldsശ്രീകണ്ഠപുരം: സ്വകാര്യ മേഖലയിൽ തുടക്കമിട്ട മലബാറിലെ ആദ്യ മിനി ജലവൈദ്യുതി പദ്ധതി എങ്ങുമെത്തിയില്ല. വഞ്ചിയം പദ്ധതി പ്രദേശം കാടുകയറുമ്പോൾ നിർമാണം നിലച്ചിട്ട് 30 വർഷങ്ങളായെന്ന് അധികൃതർ പോലും മറന്നു. പദ്ധതി ഏറക്കുറെ പൂർണമായും ഉപേക്ഷിച്ച സ്ഥിതിയാണുള്ളത്. 1993ലാണ് പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയം പുഴയിൽ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതി തുടങ്ങിയത്.
1997ൽ പദ്ധതി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഐഡിയൽ’ എന്ന സ്വകാര്യ കമ്പനിയാണ് കരാർ എടുത്തത്. വഞ്ചിയം പുഴയിൽ വെള്ളം തടഞ്ഞുനിർത്താനായി ചെക്ക് ഡാം നിർമിച്ചാണ് പദ്ധതി തുടങ്ങിയത്. ഡാമിലെ വെള്ളം രണ്ടു മീറ്റർ വ്യാസമുള്ള പൈപ്പിലൂടെ എബനൈസർ മലയിൽ എത്തിച്ച് 200 അടി താഴെയുള്ള ജനറേറ്ററിൽ വീഴ്ത്തി വൈദ്യുതി ഉൽപാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പ്രദേശത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് എബനൈസർ മല. ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി സബ് സ്റ്റേഷനു നൽകുമെന്നും 30 വർഷം സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചതിനു ശേഷം പദ്ധതി പൂർണമായും കെ.എസ്.ഇ.ബിക്ക് കൈമാറുമെന്നുമായിരുന്നു ധാരണ.
പാതിവഴിയിൽ ഉപേക്ഷിച്ചു
1991ൽ പ്രഖ്യാപനം നടത്തിയ പദ്ധതിക്ക് 93ലാണ് തറക്കല്ലിടുന്നത്. കമ്പനി പൈപ്പ് ഇടാനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കിയിരുന്നു. പദ്ധതിപ്രദേശത്തേക്ക് റോഡും നിർമിച്ചിരുന്നു. ഒന്നരമാസം പിന്നിട്ടതോട ഒരു മുന്നറിയിപ്പുമില്ലാതെ പദ്ധതി പാതി വഴിക്ക് ഉപേക്ഷിച്ച് കരാറുകാർ സ്ഥലംവിടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും അഴിമതിയുമാണ് പദ്ധതിയുടെ നിർമാണത്തെ തടസ്സപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. മുടങ്ങിയ പദ്ധതി പുനരാരംഭിക്കാൻ വായ്പ നൽകണമെന്നാവശ്യപ്പെട്ട് കമ്പനിക്കാർ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ സമീപിച്ചിരുന്നു. കെ.എസ്.ഇ.ബി ഈട് നിന്നുള്ള വായ്പ ആവശ്യം മന്ത്രി തള്ളിയതോടെ കമ്പനി ഉടമകൾ പിന്മാറി. 1998ന് ശേഷം പദ്ധതി പൂർണമായും ഉപേക്ഷിച്ചു.
കാടുകയറി നാശത്തിലേക്ക്
പദ്ധതിപ്രദേശം നിലവിൽ കാടുകയറി നശിച്ച സ്ഥിതിയിലാണ്. അന്നു കൊണ്ടുവന്ന ഉപകരണങ്ങൾ തുരുമ്പെടുത്തു നശിച്ചു. 20 ശതമാനം പോലും നിർമാണം പൂർത്തിയായിരുന്നില്ല. പദ്ധതിക്കായി നിർമിച്ച ചെക്ക് ഡാം ഇപ്പോഴും വഞ്ചിയത്തുണ്ട്.
മൂന്നു കോടി ചെലവ് വരുമെന്നായിരുന്നു അന്ന് വൈദ്യുതി വകുപ്പ് പറഞ്ഞിരുന്നത്. പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലം നിലവിൽ സ്വകാര്യവ്യക്തിയുടെ കൈവശമാണുള്ളത്.
അതുകൊണ്ട് ഡാമിന്റെയും പവർ ഹൗസിന്റെയും സ്ഥാനം മാറ്റി പുതിയ പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.
കാഞ്ഞിരക്കൊല്ലി പദ്ധതിയും കടലാസിൽ തന്നെ
വർഷങ്ങൾക്ക് മുമ്പ് കെ.എസ്.ഇ.ബിയുടെ സിവിൽ വിഭാഗം ഏറ്റെടുത്ത പയ്യാവൂർ പഞ്ചായത്തിലെ തന്നെ കാഞ്ഞിരക്കൊല്ലി ചെറുകിട ജലവൈദ്യുതി പദ്ധതികളും നടപ്പായില്ല. ഉടുമ്പ പുഴയിൽ രണ്ട് ജലവൈദ്യുതി പദ്ധതികൾ തുടങ്ങാനാണ് തീരുമാനിച്ചത്. ഒന്നാംഘട്ടത്തിൽ അഞ്ച് മെഗാവാട്ടും രണ്ടാം ഘട്ടത്തിൽ മൂന്ന് മെഗാവാട്ടും ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അഞ്ച് മെഗാവാട്ട് ശേഷിയുള്ള ഒന്നാംഘട്ട പദ്ധതി ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു ക്വാറി പ്രവർത്തിച്ചിരുന്നതിനാൽ അവിടെ നടപ്പാക്കാൻ പറ്റാതായി. തുടർന്ന് മൂന്നു മെഗാവാട്ടിന്റെ രണ്ടാംഘട്ടം തുടങ്ങാനായി പദ്ധതി കൊണ്ടുവന്നു. രണ്ടാംഘട്ട പദ്ധതി 2017 ആഗസ്റ്റിൽ കെ.എസ്.ഐ.ഡി.സിക്ക് കൈമാറി. അവർ ഏറ്റെടുത്തില്ല. 2019ൽ ഈ പദ്ധതി ഏറ്റെടുക്കാൻ ആരും തയാറില്ലാത്തതിനൽ തൃശ്ശൂർ കോർപറേഷന്റെ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിന് കൈമാറുകയായിരുന്നു. പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായില്ല.
ഹൈകോടതി റിപ്പോർട്ട് തേടി
നിർമാണം വൈകിയ മുഴുവൻ വൈദ്യുതി പദ്ധതികളും സമയക്രമത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 2017ൽ കോഴിക്കോട് സ്വദേശിയായ എൻജിനീയർ മുതിരേന്തിക്കൽ ജേക്കബ് ജോസ് ഹൈകോടതിയെ സമീപിച്ചിരുന്നു. 2021ൽ അനുകൂല വിധിയുണ്ടായി. വഞ്ചിയം പദ്ധതിയെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ കെ.എസ്.ഐ.ഡി.സിയോട് ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല. ‘സേവ് സ്മോൾ ഹൈഡൽ പ്രോജക്ട്സ്’ എന്ന പേരിൽ എൻജിനീയർമാരുടെ കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോടതിയലക്ഷ്യ ഹരജിയുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം. വഞ്ചിയം ഉൾപ്പെടെയുള്ള പാഴായ പദ്ധതികൾക്ക് ജീവൻ നൽകിയാൽ വൈദ്യുതി പ്രതിസന്ധിക്ക് വലിയ പരിഹാരം കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.