പച്ചക്കറി കൃഷി; ആദിവാസി ഗ്രൂപ്പിനുള്ള പുരസ്കാരം ഇക്കുറിയും ആറളം ഫാമിന്
text_fieldsപേരാവൂർ: ആറളം ഫാമിന്റെ മണ്ണിൽ ആദിവാസി കൃഷിക്കൂട്ടം കഠിനാധ്വാനത്തിലൂടെ നേടിയത് മികച്ച ട്രൈബൽ ക്ലസ്റ്ററിനുള്ള പുരസ്കാരം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന മികച്ച ക്ലസ്റ്റർ പട്ടികയിൽ ആറളം ആദിവാസി മേഖലക്കാണ് സംസ്ഥാന കൃഷിവകുപ്പിന്റെ അംഗീകാരമെത്തിയത്. ആറളം ആദിവാസി മേഖലയിൽ വൻതോതിൽ ചെണ്ടുമല്ലി കൃഷി ഏറ്റെടുത്ത ആറളം ഫ്ലോറി വില്ലേജ് പദ്ധതിക്കാണ് സംസ്ഥാന പുരസ്കാരം. ആറളം പഞ്ചായത്ത് പദ്ധതിയിലാണ് ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ ടി.ആർ.ഡി.എം വിട്ടുനൽകിയ 40 ഏക്കറിൽ ചെണ്ടുമല്ലി കൃഷിയുൾപ്പെടെ ഏറ്റെടുത്ത് ആദിവാസി കൃഷികൂട്ടായ്മ സംസ്ഥാന പുരസ്കാരം നേടിയത്. കാട്ടാന ആക്രമണത്തെ പ്രതിരോധിച്ചാണ് ആറളത്തെ കർഷകരുടെ ഈ മുന്നേറ്റം.
പൂകൃഷിക്കൊപ്പം ചെറുധാന്യ, ജൈവ പച്ചക്കറി കൃഷിയും ആദിവാസി കുടുംബങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയാണ് ഈ കാർഷിക പദ്ധതിക്ക് ചുക്കാൻപിടിക്കുന്നത്. ഒ.ടി. കുമാരൻ, ഷൈല ഭരതൻ എന്നിവർ ഭാരവാഹികളായ 13 അംഗ കമ്മിറ്റിക്കാണ് കൃഷി നടത്തിപ്പ് ചുമതല.
25 ലക്ഷം രൂപ ആറളം പഞ്ചായത്ത് പദ്ധതിയിൽ ഫ്ലോറി വില്ലേജിന് അനുവദിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിപ്പണിയും ഉറപ്പാക്കി. സാങ്കേതിക സഹായമെത്തിച്ച് ആറളം കൃഷിഭവനും ഒപ്പമുണ്ട്. മുമ്പ് മൂന്ന് തവണ ആറളം ഫാമിനായിരുന്നു ഈയിനത്തിൽ പുരസ്കാരം. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ് ആറളം ഫാം. ആറളം കൃഷി അസിസ്റ്റന്റ് സുമേഷിന്റെ മേൽനോട്ടവും നിർദേശങ്ങളും കൃഷി മുന്നേറ്റത്തിന് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.