വാഹനങ്ങൾ ഓട്ടത്തിനിടെ കത്താതെ നോക്കണം
text_fieldsകണ്ണൂർ: അപകടത്തിൽ മറിഞ്ഞ ഓട്ടോറിക്ഷ കത്തിയമർന്ന് അയൽവാസികളും ഉറ്റസുഹൃത്തുക്കളുമായ യുവാക്കൾ വെന്തുമരിച്ച ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് കണ്ണൂർ. തുറന്ന വാഹനമായിട്ടും പുറത്തിറങ്ങാൻപോലും സമയം നൽകാതെയാണ് തീനാളങ്ങൾ ജീവനെ വിഴുങ്ങിയത്.
കൂത്തുപറമ്പ് ആറാംമൈലിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ സി.എൻ.ജി ഓട്ടോയാണ് കത്തിയതെങ്കിൽ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം ഗർഭിണിയും ഭർത്താവും ചാരമായത് ഓട്ടത്തിനിടെ പെട്രോൾ കാർ കത്തിയാണ്.
ഒരുവിളിപ്പാടകലെ കണ്ണൂർ ഫയർ സ്റ്റേഷനും ജില്ല ആശുപത്രിയും ഉണ്ടായിരുന്നിട്ടും രക്ഷിക്കാനായില്ല. ഓട്ടത്തിനിടയിലും നിർത്തിയിട്ട നിലയിലും വാഹനങ്ങൾ കത്തിയമരുന്ന സംഭവങ്ങൾ വർധിക്കുകയാണ്. അശ്രദ്ധ വരുത്തിവെക്കുന്ന അപകടങ്ങളിൽ വാഹനങ്ങൾ മറിയുകയും തീപ്പൊരിയുണ്ടാവുകയും ഇവ ഇന്ധനടാങ്കിലേക്ക് പടരുകയുമാണ്. രക്ഷാപ്രവർത്തനംപോലും സാധ്യമാക്കാതെ നിമിഷങ്ങൾക്കകമാണ് എല്ലാം അവസാനിക്കുന്നത്.
വാഹനം വാങ്ങിയ ശേഷം അശാസ്ത്രീയമായി അധിക ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിലൂടെയുള്ള വഴിയുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടും അഗ്നിബാധക്ക് കാരണമാകുന്നു. ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ പിൻസീറ്റിലുണ്ടായിരുന്ന മാതാപിതാക്കളും മകളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ജൂൺ 21ന് വൈകീട്ട് ഇതേസ്ഥലത്ത് മറ്റൊരുകാറും കത്തിത്തീർന്നു. ഡ്രൈവര്‍ ഇരിക്കൂര്‍ നായാട്ടുപാറ സ്വദേശി ആദര്‍ശ് കാര്‍ നിര്‍ത്തി ഓടിയതിനാല്‍ മാത്രം രക്ഷപ്പെട്ടു.
അപകടത്തിൽപെടുന്ന വാഹനങ്ങൾ നിമിഷങ്ങൾക്കകമാണ് കത്തുന്നത്. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മതുക്കോത്ത് നിയന്ത്രണം വിട്ട് ബസിനു പിറകിലിടിച്ച ബൈക്ക് കത്തിയമര്‍ന്നത് ഈ വർഷമാണ്. കഴിഞ്ഞവർഷം മാനന്തവാടിയിൽ നിർത്തിയിട്ട കാർ കത്തി കേളകത്തെ ടെക്സ്റ്റൈല്‍സ് ഉടമക്ക് ജീവൻ നഷ്ടമായി. പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കാര്‍ കത്തിച്ചാമ്പലായതും അതേവർഷം.
ബൈക്ക് യാത്രികനായ ചിക്മംഗളൂരു സ്വദേശിയായ യുവാവിനാണ് അന്ന് ജീവൻ നഷ്ടമായത്. വണ്ടിയുടെ ഉള്ളിൽ കയറുന്ന എലികൾ വയറുകൾ കടിച്ചു മുറിക്കാനുള്ള സാധ്യതയേറെയാണെന്ന് വിദഗ്ധർ പറയുന്നു. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമാകും. കൃത്യമായ ഇടവേളകളിൽ സർവിസ് നടത്തണം
• പടരാതെ നോക്കണം, പുറത്തിറങ്ങണം
ഓടുന്ന വാഹനത്തിൽനിന്ന് പുകയോ തീപ്പൊരിയോ കണ്ടാൽ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങണം. പരിഭ്രാന്തരാവരുത്. സാഹചര്യമനുസരിച്ച് സിഗ്നൽ നൽകി ആളൊഴിഞ്ഞ പ്രദേശത്ത് വണ്ടി നിർത്താം. ഇടിയുടെ ആഘാതത്തിലാണ് കത്തുന്നതെങ്കിൽ ഒച്ചവെച്ച് ആളെകൂട്ടുകയോ സ്വയം പുറത്തിറങ്ങുകയോ വേണം. പ്രായമായവരെയും കുട്ടികളെയും ആദ്യം രക്ഷപ്പെടുത്തണം. അഗ്നിസുരക്ഷ സംവിധാനങ്ങൾ വാഹനത്തിൽതന്നെ കരുതണം.
അഗ്നിബാധയുണ്ടായാൽ പരിഭ്രാന്തരാവാതെ ഇവ ഉപയോഗിക്കണം. സി.എൻ.ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) വാഹനങ്ങൾ കത്തിയാൽ പൊട്ടിത്തെറിക്കാൻ സാധ്യതയേറെയാണ്. ഓട്ടോയിൽ ഗ്യാസ് ടാങ്ക് ഡ്രൈവറുടെ സീറ്റിന് താഴെയാണ്. 200 മുതൽ 250 കി.ഗ്രാം കംപ്രസ് ചെയ്ത ഇന്ധനമാണ് വാഹനങ്ങളിൽ അടിച്ചുവരുന്നത്. വാൾവ് നെക്ക് പൊട്ടിയാൽ ഗ്യാസ് ലീക്കായി കത്തും.
പെട്രോളിലേക്ക് തീപിടിക്കുന്നതിനേക്കാൾ വേഗത്തിലാണിത്. പരിസ്ഥിതി സൗഹൃദ ബദൽ വാഹന ഇന്ധനം എന്ന നിലക്കാണ് സി.എൻ.ജി വാഹനങ്ങൾ വിപണിയിൽ ഇറങ്ങിയത്. നിരവധി സി.എൻ.ജി വാഹനങ്ങളാണ് ജില്ലയിലുള്ളത്. ഓട്ടോറിക്ഷകൾ മാത്രം അഞ്ഞൂറിലേറെയാണ്.
• അപകടത്തിന് കാരണം ബസിന്റെ അമിതവേഗം - മോട്ടോർ വാഹനവകുപ്പ്
ആറാംമൈലിൽ ബസിലിടിച്ച ഓട്ടോറിക്ഷമറിഞ്ഞ് കത്തി രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തൽ. മറ്റ് വാഹനങ്ങളെ മറികടന്നുവന്ന ബസ് നേരിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഓട്ടോയുടെ ഗ്യാസ് ടാങ്കിലാണ് ബസ് ഇടിച്ചത്. വാൾവ് പൊട്ടിയതോടെ തീപടർന്നു. ഓട്ടോ മറിഞ്ഞതിനാൽ യാത്രക്കാരനും ഡ്രൈവറും വണ്ടിക്കടിയിലായതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകടത്തിൽപെട്ട വാഹനങ്ങൾക്ക് രേഖകളും ഫിറ്റ്നസുമുണ്ടെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.സി. ഷീബ പറഞ്ഞു.
ഓട്ടോറിക്ഷ അപകടം: ബസ് ഡ്രൈവർ അറസ്റ്റിൽ
കൂത്തുപറമ്പ്: ആറാംമൈലിൽ സ്വകാര്യ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടു യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മുടപ്പത്തൂരിലെ സുധിൻ നിവാസിൽ സുധിൻ അത്തിക്കയെ (32) ആണ് കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടശേഷം ഓടിരക്ഷപ്പെട്ട ഇയാൾ കതിരൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 8.30ഓടെ തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ ആറാംമൈൽ മൈതാനപ്പള്ളിക്ക് സമീപത്തായിരുന്നു അപകടം.
സുധിൻ ഓടിച്ചിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വരുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ റോഡിലേക്ക് മറിഞ്ഞശേഷം കത്തി. ഓട്ടോറിക്ഷ ഓടിച്ചിരുന്ന പാനൂർ പാറാട് സ്വദേശി അഭിലാഷ്, സുഹൃത്ത് ഷജീഷ് എന്നിവരാണ് വെന്തുമരിച്ചത്. സുധിനെ തലശ്ശേരി എ.സി.ജെ.എം കോടതിയിൽ ഹാജരാക്കി.
വാഹനാപകടം: ഫോറൻസിക്സംഘം പരിശോധന നടത്തി
കൂത്തുപറമ്പ്: കതിരൂരിനടുത്ത ആറാംമൈൽ മൈതാനപ്പള്ളിക്ക് സമീപം സ്വകാര്യ ബസ് ഇടിച്ച് ഓട്ടോറിക്ഷ കത്തി യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ ഫോറൻസിക് സംഘവും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തി. ഇടിയുടെ ആഘാതത്തിലുണ്ടായ വാതക ചോർച്ചയാവാം രണ്ടുപേരുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രി 8.30ഓടെ തലശ്ശേരി ഭാഗത്ത് നിന്നും വരുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വരുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചായിരുന്നു അപകടം. ഓട്ടോറിക്ഷഓടിച്ചിരുന്ന പാനൂർ പാറാട് സ്വദേശി അഭിലാഷ്, സുഹൃത്ത് ഷജീഷ് എന്നിവരാണ് വെന്തുമരിച്ചത്.
അപകടത്തെ തുടർന്ന് ഓടിരക്ഷപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർ സുധിലിനെ കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫോറൻസിക് പരിശോധനക്കുശേഷം വാഹനങ്ങൾ കതിരൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.