പഴയങ്ങാടി പൊലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ പൊള്ളാച്ചിയിലേക്ക്
text_fieldsപഴയങ്ങാടി: പൊലീസ് സ്റ്റേഷൻ വളപ്പിൽ തുരുമ്പെടുത്ത് ജീർണിച്ചതിനെ തുടർന്ന് ഓൺലൈനിൽ ലേലത്തിന് വിറ്റ സാധനങ്ങൾ പൊള്ളാച്ചിയിലേക്ക് കയറ്റിയയച്ചുതുടങ്ങി.
പൊലീസ് സ്റ്റേഷൻ വളപ്പിലും ക്വാർട്ടേഴ്സിനു സമീപത്തും ഉപയോഗപ്രദവും ഉപയോഗശൂന്യവുമായ നൂറുകണക്കിന് വാഹനങ്ങളിട്ടതിനാൽ സ്റ്റേഷെൻറ മുറ്റത്തും സമീപത്തും ആളുകൾക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയായിരുന്നു.
രണ്ടു തവണകളിലായി ഇവിടെ നിന്ന് വാഹനങ്ങൾ കരിമ്പം വെള്ളാരം ഡംപിങ് യാർഡിലേക്ക് മാറ്റിയിരുന്നു. മണൽക്കടത്തിൽ പെട്ടവ, വ്യാജ ആർ.സിയുള്ളവ, അപകടത്തിൽപെട്ട് തകർന്ന് അവശിഷ്ടങ്ങൾ മാത്രമായവ, ഉപേക്ഷിച്ച നിലയിൽ പിടികൂടപ്പെട്ടത് തുടങ്ങിയ വാഹനങ്ങളാണ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിട്ടുള്ളത്. 21 വാഹനങ്ങളാണ് ഇപ്പോൾ ഓൺലൈനിലൂടെ ലേലത്തിൽ വിറ്റത്.
കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തവ, വാഹന ഉടമകളെ കണ്ടെത്തി മാറ്റാനുള്ള പൊലീസ് ശ്രമം ഉടമകൾ സഹകരിക്കാതെ വിഫലമായതോടെയാണ് സർക്കാർ നിർദേശത്തെ തുടർന്ന് ഓൺലൈൻ വഴി ലേലത്തിൽ വിറ്റത്.
ആർ.ടി.ഒയും ചുമതലയിലുള്ള ഉദ്യാഗസ്ഥരുമാണ് വാഹനങ്ങളുടെ വില നിജപ്പെടുത്തുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്ത് സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയ വാഹനങ്ങളാണ് ലേലത്തിൽ വിറ്റത്.
തുടർ രജിസ്ട്രേഷന് സാധ്യമല്ലാത്തതിനാൽ പൊളിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനാണ് ലേലം നൽകുന്നതും ലേലം കൊള്ളുന്നതും.
ക്രെയിൻ ഉപയോഗിച്ച് വലിയ വാഹനങ്ങളിലേക്ക് കയറ്റിയാണ് ലേലത്തിലെടുത്ത വാഹനങ്ങൾ പൊള്ളാച്ചിയിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.