കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ അന്തരിച്ചു
text_fieldsകണ്ണൂര്‍: കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ നിര്യാതനായി. 84 വയസായിരുന്നു. കണ്ണൂര്‍ രൂപത സ്ഥാപിതമായ അന്നു മുതല്‍ കഴിഞ്ഞ 23 വര്‍ഷമായി രൂപതയുടെ വികാരി ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. വരാപ്പുഴ അതിരൂപത പിഴല സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ പരേതരായ ദേവസ്സിയുടെയും വിറോണിയുടെയും മൂത്തമകനായിരുന്നു മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ. പിഴല ഇടവകയിലെ ആദ്യത്തെ വൈദീകനും കൂടി ആയിരുന്നു അദ്ദേഹം.
കോഴിക്കോട് രൂപതയ്ക്ക് വേണ്ടി 1963 ല്‍ വൈദീക പട്ടം സ്വീകരിച്ചു. കണ്ണൂര്‍ രൂപത വിഭചിതമായപ്പോള്‍ അദ്ദേഹം കണ്ണൂരിലേക്കു സേവനത്തിനായി കടന്നുവന്നു. പൗരോഹിത്യ സ്വീകരണത്തിന് ശേഷം കോഴിക്കോട് രൂപതയുടെ അന്നത്തെ മെത്രാനായ അഭിവന്ദ്യ ആല്‍ഡോ മരിയ പത്രോണി എസ്. ജെ. പിതാവിന്‍റെ സെക്രട്ടറിയായും തുടര്‍ന്ന് കാല്‍ നൂറ്റാണ്ടോളം വൈത്തിരി ചേലോട്ടു എസ്റ്റേറ്റില്‍ മാനേജര്‍ ആയും സേവനം അനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് കുറച്ചു നാള്‍ ചെമ്പേരി എസ്റ്റേറ്റില്‍ സേവനം ചെയ്തശേഷം കോഴിക്കോട് സെന്‍റ് വിന്‍സെന്‍റ്സ് ഇന്‍ഡസ്ട്രീസ് ന്‍റെ ഡയറക്ടര്‍ ആയി സേവനം ചെയ്തു. കോഴിക്കോട് രൂപത വിഭചിച്ചു കണ്ണൂര്‍ രൂപത രൂപം കൊണ്ടപ്പോള്‍, രൂപതയുടെ ആദ്യത്തെ വികാരി ജനറലും, ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വികാരിയും കൂടി ആയിരുന്നു.
തയ്യില്‍ സെന്‍റ് ആന്‍റണിസ് ഇടവകയുടെ വികാരി ആയി സേവനം അനുഷ്ഠിക്കുമ്പോള്‍ ആണ് മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ക്കായി രൂപം നല്‍കുകയും മദര്‍ തെരേസ കോളനി സ്ഥാപിച്ചു അന്‍പതോളം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭിക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്തു. മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്കായി ഉന്നത വിദ്യാഭ്യാസം നല്‍കുവാന്‍ ഉതകുന്ന രീതിയിലുള്ള സ്കോളര്‍ഷിപ്പുകള്‍ ആരംഭിച്ചതും, കടക്കെണിയിലായ മത്സ്യത്തൊഴിലാകള്‍ക്കായി പലിശ രഹിത വായ്പ്പാ പദ്ധതി രൂപീകരിച്ചതും പ്രത്യേകം ശ്രദ്ധേയമായിരുന്നു. കണ്ണൂര്‍ രൂപതയുടെ വികാരി ജനറല്‍ ആയി സേവനം ചെയ്യുമ്പോള്‍ തന്നെ ചാലയിലുള്ള അമലോത്ഭവമാതാ ദൈവാലത്തിന്‍റെ വികാരി കൂടിയായിരുന്നു.
ഹൃദയാഘാതംമൂലം കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സൗത്ത് ഇന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായായ 'ഉപാസി'യില്‍ എക്സിക്യൂട്ടീവ് അംഗമായും, കണ്ണൂരിലെ ചിരി ക്ലബ്ബിലെ സജീവ പ്രവര്‍ത്തകനും, മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാൻ, വൈത്തിരി പഞ്ചായത്തു ജനപ്രതിനിധി എന്നീ നിലകളിലും സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ സജീവമായി അദ്ദേഹം ഇടപെട്ടിരുന്നു.
ജൂലൈ 23, വെള്ളിയാഴ്ച രാവിലെ 09.30 നു കണ്ണൂര്‍ രൂപത ആസ്ഥാനമായ ബിഷപ്പ് ഹൗസില്‍ ഭൗതീക ശരീരം എത്തിച്ച ശേഷം, 11 . 30 നു കണ്ണൂര്‍ ഹോളി ട്രിനിറ്റി കത്തീഡ്രലില് പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വൈകുനേരം 3 . 30 നു കണ്ണൂര്‍ രൂപത മെത്രാന്‍ ഡോക്ടര്‍ അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മീകത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മൃതസംസ്കാര ചടങ്ങുകള്‍ നടത്തപ്പെടുക. ഇ. ഡി. പീറ്റര്‍, ട്രീസ മാര്‍ട്ടിന്‍, ഇ.ഡി. ജോസഫ്, ഇ.ഡി. സേവ്യര്‍ (മുന്‍ കടമക്കുടി പഞ്ചായത്ത് പ്രസിഡന്‍റ്) എന്നിവര്‍ സഹോദരങ്ങള്‍ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.