10 അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേട് കണ്ടെത്തി
text_fieldsകണ്ണൂർ: ജില്ലയിൽ പത്തോളം അക്ഷയ കേന്ദ്രങ്ങളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന് ഇ-സേവ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന നടപടിയുടെ ഭാഗമായാണ് പരിശോധന. പൊതുജനങ്ങൾക്കായുള്ള സർക്കാർ സേവനങ്ങൾക്ക് നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുന്നതായി കണ്ടെത്തി. പലരും ഈടാക്കുന്ന തുകക്ക് രസീതി നൽകുന്നില്ലെന്നും തെളിഞ്ഞു. കണ്ണൂരിൽ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ മൂന്ന് സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്.
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പാലിക്കുന്നില്ലെന്നും പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതായും വിജിലൻസ് വകുപ്പിന് നിരന്തരം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് അദ്ദേഹം പറഞ്ഞു. ചാലോട്, കാൾടെക്സ്, പള്ളിക്കുന്ന് എന്നിവിടങ്ങളിൽ വിജിലൻസ് സി.ഐ അജിത്കുമാർ, എസ്.ഐ ഗിരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മുഴപ്പിലങ്ങാട്, എടക്കാട്, കാടാച്ചിറ അക്ഷയ കേന്ദ്രങ്ങളിൽ സി.ഐ പി.ആർ. മനോജ്, എസ്.ഐ കൃഷ്ണൻ എന്നിവരും ചൊക്ലി, ഈങ്ങയിൽ പീടിക, ചമ്പാട് എന്നിവിടങ്ങളിൽ സി.ഐ വിനോദും റെയ്ഡിന് നേതൃത്വം നൽകി.
2018ൽ വിവരസാങ്കേതിക വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശ പ്രകാരമാണ് അക്ഷയ കേന്ദ്രങ്ങൾ വിവിധ സർക്കാർ ഓഫിസുകളിലെ സേവനങ്ങൾക്ക് ഫീസ് ഈടാക്കേണ്ടത്. എന്നാൽ, ഇതിന് വിരുദ്ധമായി വലിയ തുക സേവനങ്ങൾക്ക് വാങ്ങുന്നതായി കണ്ടെത്തി. വാങ്ങുന്ന തുകക്ക് രസീതി നൽകുന്നുമില്ല. പണമിടപാടുകൾ സംബന്ധിച്ചുള്ള രജിസ്റ്ററുകളും പരാതി ബുക്കുകളും പലയിടത്തുമില്ല.
സേവനങ്ങൾക്ക് നിശ്ചയിച്ച നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന നിബന്ധനയും പലരും പാലിക്കുന്നില്ലെന്നും ഡി.വൈ.എസ്.പി പറഞ്ഞു. ഇത്തരം ക്രമക്കേടുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിജിലൻസിന് 0497 2707778 എന്ന നമ്പറിൽ വിവരം നൽകാമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.