കുട്ടികള്‍ക്കെതിരായ അതിക്രമം; ‘കേസെടുക്കുന്നതിന് കേന്ദ്ര നിയമ ഭേദഗതി തടസ്സം’
text_fieldsകണ്ണൂർ: കേന്ദ്രസര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തിയതോടെ കുട്ടികള്‍ക്കെതിരെയുള്ള പല അതിക്രമങ്ങളിലും പൊലീസിന് നേരിട്ട് കേസെടുക്കാനാകുന്നില്ലെന്ന് സംസ്ഥാന ബാലാവകാശ കമീഷന് ചെയര്മാന് അഡ്വ. കെ.വി. മനോജ്കുമാര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയും യുനിസെഫും സംയുക്തമായി ‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ കുട്ടികള്‍ക്കെതിരെ അതിക്രമം നടന്നാല്‍ പൊലീസിന് വേഗത്തില്‍ കേസെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ഭേദഗതി വന്നതോടെ എഴ് വര്‍ഷത്തില്‍ കുറവ് തടവ് ലഭിക്കുന്ന കേസുകള്‍ കോടതിയുടെ അനുമതിയോടെ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകുന്നുള്ളൂ. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുറച്ചു കാട്ടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് സംശയം. ഇതിനെതിരെ ബാലാവകാശ കമീഷന് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
മൗലിക അവകാശങ്ങള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ബാധകമാണ്. ഭ്രൂണാവസ്ഥയില്‍ തന്നെ കുട്ടിക്ക് നിയമത്തിന്റെ സംരക്ഷണമുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം കുട്ടികളുടെ കാര്യത്തില്‍ ലംഘിക്കപ്പെടുന്നുണ്ട്. കുടുംബ കോടതികളില്‍ രക്ഷിതാക്കള്‍ക്ക് പരിഗണന ലഭിക്കുമ്പോള്‍ കുട്ടികളുടെ അഭിപ്രായത്തിന് പലപ്പോഴും പ്രാധാന്യം ലഭിക്കുന്നില്ല. അവര്‍ക്ക് കൗണ്‍സലിങ്ങും ലഭിക്കുന്നില്ല.
പലപ്പോഴും രക്ഷിതാക്കളുടെ താല്പര്യമാണ് കുട്ടികളുടെ അഭിപ്രായമായി കോടതിയില്‍ മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷത വഹിച്ചു. യുനിസെഫ് കമ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റ് ശ്യാം സുധീര്‍ ബണ്ടി, അക്കാദമി വൈസ് ചെയര്മാന് ഇ.എസ്. സുഭാഷ്, ജനറല്‍ കൗണ്‍സില്‍ അംഗം പി.പി. ശശീന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായി. വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ മാതൃഭൂമി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍ ക്ലാസെടുത്തു. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്കര്‍, കണ്ണൂര്‍ പ്രസ്ക്ലബ് പ്രസിഡന്റ സിജി ഉലഹന്നാന്, ക്യാമ്പ് ഡയറക്ടര്‍ എസ്. ബിജു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.