വിഷുവിനെ വരവേൽക്കാൻ വിപണി ഉണർന്നു
text_fieldsകണ്ണൂർ: മാഹാമാരി വിതച്ച നീണ്ടനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ വിഷുവിനെ വരവേൽക്കാൻ വിപണി സജീവമായി. കണ്ണൂർ നഗരത്തിൽ നിരവധി മേളകളാണ് വിഷു വ്യാപാരം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്നത്. മിക്കവയിലും ജനങ്ങളെ ആകർഷിക്കാനായി വൻ വിലക്കുറവുകളോടെ വൈവിധ്യങ്ങളായ ഉൽപന്നങ്ങളാണ് എത്തിച്ചിരിക്കുന്നത്. കണ്ണൂർ മഹാത്മ മന്ദിരത്തിൽ ആരംഭിച്ച രാജസ്ഥാൻ ഗ്രാമീണ മേളകളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങൾ, കരകൗശല, ഹാൻറ്ലൂം, ജ്വല്ലറി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയുമാണ് നടക്കുന്നത്. രാജാസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള വസ്ത്രങ്ങളും വിവിധ കല്ലുകളിൽ തീർത്ത ആഭരങ്ങളുമാണ് മേളയുടെ ആകർഷണം.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന കൈത്തറി വസ്ത്രമേളയിൽ 20 ശതമാനം റിബേറ്റാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 45ഒാളം കൈത്തറി സംഘങ്ങളുടെ സ്റ്റാളുകളാണ് മേളയിലുള്ളത്. വിഷുക്കണി ഒരുക്കാനുള്ള കൃഷ്ണ വിഗ്രഹം, ആറന്മുള കണ്ണാടി എന്നിവ ടൗൺ സ്വ്കയറിലെ കരകൗശല മേളയിലും ലഭ്യമാണ്. പൊലീസ് മൈതാനിയിലെ പരമ്പരാഗത വ്യവസായിക കാർഷിക വിപണന മേളകളിലും ആദ്യം മുതലേ തിരക്കാണ് അനുഭവപ്പെടുന്നത്.
ടൗൺ സ്ക്വയർ, പൊലീസ് മൈതാനം എന്നിവിടങ്ങളിലുള്ള മൺപാത്ര വിൽപനയും സജീവമാണ്. വിവിധയിനം ചട്ടികൾ, കൂജ, ഗ്ലാസ്, പ്ലേറ്റ് എന്നിവ ഇക്കുറി വൻ വിലക്കുറവിലാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. പാലക്കാട്, തഞ്ചാവൂർ, കന്യാകുമാരി എന്നിവിടങ്ങളിൽനിന്നാണ് കണിവെക്കാനടക്കമുള്ള മൺപാത്രങ്ങൾ കണ്ണൂരിലെത്തിയിരിക്കുന്നത്. 60 രൂപ മുതൽ 500 രൂപ വരെയുള്ള പാത്രങ്ങൾക്ക് വിൽപന തുടങ്ങിയത് മുതൽ ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.