ജനം വിധിച്ചു; ഇനി കാത്തിരിപ്പ്
text_fieldsകണ്ണൂർ: അടുത്ത അഞ്ചു വർഷം തങ്ങളെ ആരു ഭരിക്കുമെന്നത് ജനം വിധിയെഴുതി. ഫലമറിയാനുള്ള കാത്തിരിപ്പിന്റെ പിരിമുറുക്കമാണിനി. ആവേശമുയർത്തിയ വോട്ടുത്സവമായി ഇക്കുറി ജില്ലയിലെ െതരഞ്ഞെടുപ്പ്. എന്നാൽ വോട്ടു യന്ത്രങ്ങൾ പലയിടങ്ങളിലും പണി മുടക്കിയത് കല്ലുകടിയായി. വോട്ടുയന്ത്രം പണിമുടക്കിയതിനെ തുടർന്ന് മിക്കയിടത്തും പോളിങ് വൈകി. ന്യൂ മാഹിയിൽ രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പ് വൈകി. ബൂത്ത് നമ്പർ 140 പള്ളിപ്രം മുസ്ലിം എൽ.പി സ്കൂളിൽ രാവിലെ എട്ടു മണി വരെ വോട്ടെടുപ്പ് നിർത്തിവെച്ചു. പള്ളൂർ കസ്തൂർബ ഗേൾസ് ഹൈസ്കൂൾ കേന്ദ്രത്തിലെ വോട്ടുയന്ത്രം 12.15 ഓടെ തകരാറിലായി. മുക്കാൽ മണിക്കുർ ഇത് കാരണം വോട്ടെടുപ്പ് വൈകി. ധർമടം മണ്ഡലത്തിലെ വോട്ടുയന്ത്രം തകരാറിലായതിനെ തുടർന്ന് തലമുണ്ട എൽ.പി സ്കൂൾ 34ാം ബൂത്ത് നമ്പർ, ആഡൂർ ഈസ്റ്റ് എൽ.പി സ്കൂൾ 94ാം ബൂത്ത് എന്നിവിടങ്ങളിലാണ് ഏറെനേരം വോട്ടെടുപ്പ് വൈകിയത്. മാവിലായി സെൻട്രൽ എൽ.പി സ്കൂളിൽ 90ാം നമ്പർ ബൂത്ത്, ജി.എച്ച്്.എസ്.എസ് ചാവശ്ശേരിയിലെ 44ാം ബൂത്ത് എന്നിവിടങ്ങളിലും ഒരു മണിക്കൂർ വൈകിയാണ് വോെട്ടടുപ്പ് ആരംഭിച്ചത്.
കൂത്തുപറമ്പ്: വോട്ടുയന്ത്രത്തിലെ തകരാറിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴോളം ബൂത്തുകളിൽ പോളിങ് തടസ്സപ്പെട്ടു. കൂത്തുപറമ്പ് മണ്ഡലത്തിൽ ഉൾപ്പെട്ട ആമ്പിലാട് എൽ.പി സ്കൂളിലെ 32എ ബൂത്ത്, ധർമടം മണ്ഡലത്തിലെ വേങ്ങാട് സൗത്ത് യു.പി സ്കൂളിലെ 46ാം ബൂത്ത്, ഊർപ്പള്ളി എൽ.പി സ്കൂളിലെ 54എ ബൂത്ത്, കുന്നിരിക്ക യു.പി സ്കൂളിലെ 52ാം ബൂത്ത്, മട്ടന്നൂർ മണ്ഡലത്തിലെ മെരുവമ്പായി യു.പി സ്കൂളിലെ 126ാം ബൂത്ത്, നീർവേലി യു.പി സ്കൂളിലെ 129ാം ബൂത്ത്, വട്ടിപ്രം യു.പി സ്കൂളിലെ 121ാം ബൂത്ത് എന്നിവിടങ്ങളിലാണ് യന്ത്രത്തകരാറിനെ തുടർന്ന് പോളിങ് തടസ്സപ്പെട്ടത്. പകരം വോട്ടുയന്ത്രങ്ങൾ എത്തിച്ചശേഷം ഇവിടങ്ങളിലെല്ലാം പോളിങ് പുനരാരംഭിച്ചു.
തലശ്ശേരി: വോട്ടിങ് മെഷീൻ തകരാറിലായതിനാൽ തലശ്ശേരി മണ്ഡലത്തിലെ ഏതാനും ബൂത്തുകളിൽ പോളിങ് വൈകി. പാറാൽ എൽ.പി സ്കൂൾ 103ാം നമ്പർ ബൂത്തിൽ മുക്കാൽ മണിക്കൂർ വൈകി. പെരിങ്ങാടി വലിയാണ്ടി എൽ.പി സ്കൂൾ, പുന്നോൽ മാപ്പിള എൽ.പി സ്കൂൾ ബൂത്തുകളിൽ ഒന്നര മണിക്കൂർ പോളിങ്ങിനെ ബാധിച്ചു.
ചമ്പാട് ചോതാവൂർ എച്ച്.എസിലെ പതിനാറാം ബൂത്തിൽ ഒരു മണിക്കൂറും ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ, ചോതാവൂർ ഹയർസെക്കൻഡറി സ്കൂൾ, മനേക്കര വിദ്യാവിലാസിനി സ്കൂൾ ബൂത്തുകളിൽ അരമണിക്കൂറും തടസ്സമുണ്ടായി. മാഹി മണ്ഡലത്തിലെ പള്ളൂർ കസ്തൂർബഗാന്ധി സ്കൂൾ ബൂത്തിൽ മുക്കാൽ മണിക്കൂർ വോട്ട് തടസ്സമുണ്ടായി. പോളിങ്ങിനിടയിൽ ഉച്ച 12.15നാണ് തകരാറുണ്ടായത്. ഒരു മണിയോടെ പരിഹരിച്ചു. തലശ്ശേരി മണ്ഡലത്തിലെ എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളിൽ സി.പി.എം വ്യാപകമായി കള്ളവോട്ടുകൾ ചെയ്തതായി കോൺഗ്രസ് ആരോപിച്ചു.
പാനൂർ: കൂത്തുപറമ്പ് മണ്ഡലം 121എ ബൂത്ത് തെണ്ടപ്പറമ്പ് എൽ.പി സ്കൂളിൽ യന്തത്തകരാറു കാരണം പോളിങ് തുടങ്ങാൻ വൈകി. 45 മിനിറ്റ് പോളിങ് തടസ്സപ്പെട്ടു. 65 കൊളവല്ലൂർ വെസ്റ്റ് എൽ.പിയിൽ 20 വോട്ടുകൾ ചെയ്തതിന് ശേഷം വോട്ടിങ് മെഷീൻ പണിമുടക്കി. ഉടൻ ശരിയാക്കി വോട്ടിങ് പുനരാരംഭിച്ചു. മേലെ ചമ്പാട് യു.പി സ്കൂളിൽ സജ്ജീകരിച്ച 116 നമ്പർ ബൂത്തിൽ രാവിലെ വോട്ടിങ് മെഷീൻ ഒരു മണിക്കൂറോളം പണിമുടക്കി. തുടർന്ന് വോട്ടർമാരുടെ വൻതിരക്ക് രൂപപ്പെട്ടു.
കനത്ത സുരക്ഷയിൽ മലയോരത്ത് പോളിങ് ശാന്തം
കേളകം: കനത്ത സുരക്ഷയിൽ പേരാവൂർ നിയോജക മണ്ഡലത്തിെൻറ മലയോര മേഖലയിൽ പോളിങ് ശാന്തം. വോട്ടിങ് യന്ത്രങ്ങൾ രണ്ടിടങ്ങളിൽ പണിമുടക്കി. കേളകം, പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ബൂത്തുകളിൽ മാവോവാദി ഭീഷണിയെ തുടർന്ന് കേന്ദ്രസേന ഉൾപ്പെടെ കനത്ത സുരക്ഷയിൽ നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയായി.
ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രം തകരാറായത് ഒഴിച്ചാൽ തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ എല്ലാ ബൂത്തുകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബൂത്തുകളിലെല്ലാം നീണ്ട നിരതന്നെ കാണാമായിരുന്നു. എന്നാൽ, ഉച്ചയോടെ വോട്ടുചെയ്യൽ മന്ദഗതിയിലായി. വെയിലിെൻറ കാഠിന്യമാണ് വോട്ടർമാർ ബൂത്തിൽ എത്താൻ മടിച്ചത്. എന്നാൽ, വൈകീട്ടോടെ വീണ്ടും വോട്ടിങ് ശക്തമായി. പേരാവൂർ നിയോജക മണ്ഡലത്തിലെ അടക്കാത്തോട്, മന്ദംചേരി എന്നീ ബൂത്തുകളിൽ വോട്ടിങ് മെഷീൻ അൽപ സമയം തടസ്സപ്പെട്ടത് ഒഴിച്ചാൽ സമാധാനപരമായാണ് ഉച്ചവരെയുള്ള വേട്ടെടുപ്പ്. കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ കൂടുതൽ സ്ത്രീ വോട്ടർമാരാണ് രാവിലെ മുതൽ വോട്ടു ചെയ്യാനായി എത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിെൻറ വോട്ടെടുപ്പ് ആവേശകരമായാണ് മലയോര ജനത സ്വീകരിച്ചതെന്ന് പോളിങ് ബൂത്തിലെ തിരക്ക് വ്യക്തമാക്കുന്നു.
മാവോവാദി ഭീഷണിയുള്ള കേളകം, ആറളം, കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 56 പോളിങ് സ്റ്റേഷനുകളാണ്. ഇവിടങ്ങളിലെ സുരക്ഷ പൂർണമായും കേന്ദ്രസേന നിർവഹിച്ചു. കൊട്ടിയൂർ, കേളകം, കണിച്ചാർ എന്നിവിടങ്ങളിലെ മാവോവാദി ഭീഷണി നിലനിൽക്കുന്ന ബൂത്തുകളിൽ ബി.എസ്.എഫിെൻറ പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരെ പരിശോധിച്ച ശേഷമാണ് അകത്തേക്ക് കടത്തി വിട്ടത്. മണൽചാക്കുകൾ നിറച്ചും ബാരിക്കേഡ് വെച്ചുമാണ് ബൂത്തുകൾക്ക് മുന്നിൽ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്കൽ പൊലീസിന് പുറമെ കെ.എ.പിയിൽ നിന്നുള്ള സായുധ സേനാംഗങ്ങളും രണ്ട് കമ്പനി വീതം ബി.എസ്.എഫ്, കർണാടക പൊലീസ്, മഹാരാഷ്ട്ര പൊലീസ് സേനാംഗങ്ങളും രണ്ട് പ്ലാറ്റൂൺ തണ്ടർബോൾട്ടും സുരക്ഷയൊരുക്കി. കുടാതെ മഞ്ഞളാംപുറത്തെ ഒരു ബൂത്ത് സെൻസിറ്റിവ് ബൂത്തായി രേഖപ്പെടുത്തിയതിനാൽ ഇവിടെയും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.