കണ്ണൂരിലെ മാലിന്യം നടാലിൽ തള്ളി; കാൽലക്ഷം പിഴ ചുമത്തി
text_fieldsനടാലിൽ മാലിന്യം തള്ളിയത് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധിക്കുന്നു
കണ്ണൂർ: നഗരത്തിലെ മാലിന്യം നടാലിൽ തള്ളിയ സംഭവത്തിൽ കാൽലക്ഷം രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ്. നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അനധികൃതമായി മാലിന്യം ശേഖരിച്ച് നടാലിലെ തോടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ തള്ളിയതിനാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മഹേഷ് കെ. തലമുണ്ട, ബാബു കുറ്റിക്കകം എന്നിവർക്ക് 5000 രൂപ വീതം പിഴ ചുമത്തിയത്.
മാലിന്യം തള്ളുന്നതിനായി കൈമാറിയ രണ്ട് സ്ഥാപനങ്ങൾക്കും വ്യക്തിക്കും 5000 രൂപ വീതം പിഴ ചുമത്തുന്നതിനും സ്ക്വാഡ് നിർദേശം നൽകി. മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരംതിരിച്ച് സംസ്കരിക്കാനായി അംഗീകൃത ഏജൻസികൾക്ക് നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കർശന നിർദേശം നൽകി. കെട്ടിട നിർമാണ അവശിഷ്ടങ്ങൾ, മോഡുലർ കിച്ചന്റെ പാക്കിങ് കവറുകൾ, ഫ്ലക്സ് ബോർഡിന്റെ ഭാഗങ്ങൾ, കാർഷിക നഴ്സറിയിൽ നിന്നുള്ള പ്ലാസ്റ്റിക് പൂച്ചട്ടികൾ, കാലാവധി കഴിഞ്ഞ വളങ്ങൾ, മറ്റുള്ള ജൈവ അജൈവ മാലിന്യങ്ങൾ എന്നിവ വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച് ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് നടാലിൽ തള്ളിയതായാണ് ജില്ല സ്ക്വാഡ് കണ്ടെത്തിയത്.
അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ചേർന്ന് കണ്ടെത്തിയത്. രണ്ടു ദിവസമായി നടന്ന പരിശോധനയിൽ ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് ലീഡർ എം. ലജി, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ശെരികുൽ അൻസാർ, കോർപറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. അനീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രുതി, കണ്ടിജന്റ് ജീവനക്കാരായ സി.പി. ശ്യാമേഷ്, എം. രാജീവൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.