മാലിന്യ സംസ്കരണം: ആശുപത്രികൾക്ക് ചികിത്സ വേണം
text_fieldsകണ്ണൂർ: മാലിന്യം കൈകാര്യംചെയ്യുന്ന കാര്യത്തിൽ ആശുപത്രികൾ അത്യാസന്നനിലയിൽ. ശാസ്ത്രീയമായ മാലിന്യസംസ്കരണം നടത്തി പകർച്ചവ്യാധികൾ തടഞ്ഞ് സമൂഹത്തിന് മാതൃകയാവേണ്ട 12 ആതുരാലയങ്ങൾക്കെതിരെയാണ് ഈ വർഷം ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടപടിയെടുത്തത്.
1.75 ലക്ഷം രൂപ പിഴയുമീടാക്കി. പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കൽ, മാലിന്യം തരംതിരിക്കാതെ കൂട്ടിയിടൽ, മലിനജലം ഒഴുക്കിവിടൽ, അശാസ്ത്രീയ ബയോമെഡിക്കൽ മാലിന്യ സംസ്കരണം തുടങ്ങിയവയാണ് ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയിലെ ആശുപത്രികളിൽ രണ്ട് മാസത്തിനിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ബയോ മെഡിക്കൽ മാലിന്യം അടക്കമാണ് അശാസ്ത്രീയമായി കൈകാര്യം ചെയ്തത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ ഇമേജ് ബയോമെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്റ് ഫെസിലിറ്റി വഴി ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമുണ്ട്. മരുന്നുകളുടെ പൊതികളും സഞ്ചികളും രോഗികൾ ഉപേക്ഷിക്കുന്ന കുപ്പികളും അടക്കം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്നുണ്ട്. ഹരിതകർമസേനക്ക് കൈമാറാത്ത ആശുപത്രികളിലാണ് കൂടുതൽ പ്ലാസ്റ്റിക് മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്തതായി കണ്ടെത്തിയത്.
ആശുപത്രികളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റോടെ മലിനജല സംസ്കരണ പ്ലാന്റുകൾ കൃത്യമായി പ്രവർത്തിക്കുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ സംസ്കരിക്കുന്നത്. എന്നാൽ, ഇവയുടെ പുനരുപയോഗം പലയിടത്തും നടപ്പാകുന്നില്ല. മിക്ക ആശുപത്രികളിലും മുൻവശത്തും മുറികളിലും വൃത്തിയുണ്ടാകാറുണ്ടെങ്കിലും പിൻവശത്ത് വൃത്തിഹീനമായ സാഹചര്യമാണ്. ശുചീകരണ തൊഴിലാളികൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകാത്തതിനാൽ ബയോമെഡിക്കൽ മാലിന്യമടക്കം കത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ചില ആശുപത്രികളിലെ ഭക്ഷണശാലകളിലും മാലിന്യസംസ്കരണം കൃത്യമായി നടപ്പാകുന്നില്ല.
മാലിന്യം കത്തിച്ചതിന് പിഴ
കണ്ണൂർ കൊയിലി ആശുപത്രിയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജൈവ അജൈവ മാലിന്യം തരംതിരിക്കാതെ കത്തിക്കുന്നതായി കണ്ടെത്തി. മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ ആശുപത്രിയുടെ ടെറസിൽ സ്ഥാപിച്ച ഇൻസിനറേറ്ററിൽ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ കത്തിക്കുന്നതായി കണ്ടെത്തി.
ആശുപത്രി അധികൃതർക്ക് നഗരപാലിക ചട്ടങ്ങൾ പ്രകാരമാണ് പിഴ ചുമത്തിയത്. ആശുപത്രിയുടെ കാന്റീനിൽ നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടതിനാൽ 10,000 രൂപയും പിഴ ചുമത്തി.
ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ സി. ഹംസ, എം.പി. രാജേഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനും മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനും പാപ്പിനിശ്ശേരി എം.എം ആശുപത്രിയിൽനിന്ന് കാൽലക്ഷം രൂപ പിഴയീടാക്കിയത് കഴിഞ്ഞദിവസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.