മാലിന്യ സംസ്കരണം; വടിയെടുത്ത് കണ്ണൂർ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്
text_fieldsകണ്ണൂർ: കൃത്യമായ മാലിന്യ സംസ്കരണം പ്രാവർത്തികമാക്കാത്തതിന് സ്കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മുപ്പതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ഇതിലേറെയും സ്കൂളുകളാണ്. 2.15 ലക്ഷം രൂപ ഇതുവരെ പിഴയീടാക്കി.
നടപടി തുടരുമ്പോഴും സ്കൂളുകളിൽ മാലിന്യസംസ്കരണം തോന്നിയപടിയാണ്. മാലിന്യങ്ങൾ കൂട്ടിയിട്ടതിനും കത്തിച്ചതിനും കടലിൽ തള്ളിയതിനും മലിനജലം തുറസ്സായ സ്ഥലങ്ങളിലേക്ക് ഒഴുക്കിയതുമൊക്കെയാണ് പ്രധാന നിയമലംഘനങ്ങൾ. പല സ്കൂളുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കാതിരിക്കുന്നതായും കത്തിക്കുന്നതായും ഹരിതകർമ സേനക്ക് നൽകാത്തതായും കണ്ടെത്തി. മിക്കയിടത്തും കമ്പോസ്റ്റ് പിറ്റോ സോക്ക് പിറ്റോ ഒരുക്കിയിരുന്നില്ല. മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിനാൽ കടമ്പൂർ സ്കൂളിന് അര ലക്ഷം രൂപ ഈടാക്കിയതാണ് പിഴ പട്ടികയിൽ മുന്നിലുള്ളത്.
ഡിസംബറിൽ നടത്തിയ പരിശോധനയിൽ കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് 25000 രൂപ വീതം പിഴ ചുമത്തി. മലിന ജലം സംസ്കരിക്കാതെ പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ടതിന് ഇരുപതിനായിരം രൂപ വീതവും ജൈവ അജൈവ മലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിക്കലർത്തി വലിച്ചെറിഞ്ഞതിന് 5000 രൂപയും ഉൾപ്പെടെ ഇരുപത്തയ്യായിരം രൂപ വീതമാണ് പഞ്ചായത്തീ രാജിലെ വിവിധ വകുപ്പുകൾ പ്രകാരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്കൂളിന് പിഴ ചുമത്തിയത്. സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ഒൻപത് സ്ഥലങ്ങളിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായി സ്ക്വാഡ് കണ്ടെത്തിയത്.
കഴിഞ്ഞ ഒക്ടോബറിൽ കടലിലേക്ക് മാലിന്യം തള്ളിയതിനെ തുടർന്ന് തലശ്ശേരി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിന് 27,000 രൂപ പിഴയീടാക്കിയിരുന്നു. മാലിന്യ സംസ്കരണം ഏർപ്പെടുത്താത്തതിനെ തുടർന്ന് ജനുവരിയിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് 20000 രൂപ പിഴയീടാക്കി. കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ മെഡിക്കൽ കോളജ് കോപ്ലക്സിൽ മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടതും അശാസ്ത്രീയമായി കൈകാര്യം ചെയ്തതുമടക്കമുള്ള അപാകതകൾ കണ്ടെത്തി.
പെൺകുട്ടികളുടെ ഹോസ്റ്റലിലെ കക്കൂസ് മാലിന്യം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതായും കണ്ടെത്തിയിരുന്നു.മിക്ക സ്കൂളുകളുടെയും പരിസരത്ത് പലയിടങ്ങളിലായി ഉപയോഗ ശൂന്യമായ പേനകൾ, മിഠായിക്കവറുകൾ, പ്ലാസ്റ്റിക് കവറുകൾ, കടലാസ് എന്നിവ ജൈവമാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.