മാലിന്യ സംസ്കരണ പദ്ധതി; തലശ്ശേരി നഗരസഭ മാതൃക
text_fieldsബോട്ടിൽ ബൂത്തുകൾ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് സ്ഥാപിച്ചുവരികയാണ്
തലശ്ശേരി: പുന്നോൽ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ട് അടച്ചതിന് ശേഷം കഴിഞ്ഞ 12 വർഷമായി നഗരത്തിൽ നടപ്പാക്കിയ വിവിധങ്ങളായ മാലിന്യ സംസ്കരണ പദ്ധതികളിലൂടെ തലശ്ശേരി നഗരസഭ, കണ്ണൂർ ജില്ലക്ക് മാതൃകയായതായി ചെയർപേഴ്സൻ കെ.എം. ജമുനാ റാണിയും ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദും വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. ബോധവത്കരണത്തിലൂടെയും ഉറവിട മാലിന്യ സംസ്കരണത്തിലൂടെയും നഗരസഭ പരിധിയിൽ നടപ്പാക്കിയ സംവിധാനങ്ങളാണ് മാതൃകയാവുന്നതെന്ന് ഇരുവരും പറഞ്ഞു. നഗരസഭയിൽ ഹരിത കർമസേന പ്രവർത്തനം കാര്യക്ഷമമാക്കി. കൃത്യമായ ഇടവേളകളിൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തി കർമസേനാംഗങ്ങൾ ശേഖരിച്ച് നിർമൽ ഭാരത് ഏജൻസി മുഖേന കണ്ടിക്കലിലെ എം.ആർ.എഫിൽ എത്തിച്ച് സെഗ്രിഗേഷൻ നടത്തി വിവിധ മേഖലകളിലേക്ക് കയറ്റി അയക്കുകയാണ്. 49 സ്ത്രീകൾക്ക് ഇതിലൂടെ മെച്ചപ്പെട്ട വേതനവും ലഭിക്കുന്നു. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവലകളിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാനായി 32 ബോട്ടിൽ ബൂത്തുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
തലശ്ശേരി മോഡൽ എന്നറിയപ്പെടുന്ന ബോട്ടിൽ ബൂത്തുകൾ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് സ്ഥാപിച്ചുവരികയാണ്. നഗരപരിധിയിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും മാലിന്യം നിക്ഷേപിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതിനായി നാല് ബിന്നുകൾ അടങ്ങുന്ന കലക്ടേഴ്സ് അറ്റ് സ്കൂൾ സംവിധാനം ഉടൻ സ്ഥാപിക്കും. കൊതുക് നിവാരണത്തിനും പദ്ധതി തയാറാക്കി. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സി.സി.ടി.വികളും സ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചു. ഖരമാലിന്യ പദ്ധതികൾ നടപ്പാക്കാൻ ലോകബാങ്കിന്റെ സഹായത്തിൽ 15.6 കോടി ലഭ്യമായതും ഇതിലെ ആദ്യഘട്ടം തുടങ്ങിയതായും ചെയർപേഴ്സൻ അറിയിച്ചു. നഗരസഭ സെക്രട്ടറി ബിജുമോൻ ജോസഫ്, സ്ഥിരം സമിതി അധ്യക്ഷന്മാരും അംഗങ്ങളുമായ എം.വി. ജയരാജൻ, ഷബാന ഷാനവാസ്, ടി.സി. അബ്ദുൽ ഖിലാബ്, സി. ഗോപാലൻ, വി.ബി. ഷംസു, സി. സോമൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.