മാലിന്യസംസ്കരണ നിയമലംഘനം; എൻഫോഴ്സ്മെന്റ് നടപടി തുടങ്ങി
text_fieldsകണ്ണൂർ: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ രൂപവത്കരിച്ച പ്രത്യേക എൻഫോഴ്സ്മെന്റ് സംഘം ജില്ലയിൽ പരിശോധന തുടങ്ങി. ആദ്യദിനം കോർപറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ റോഡരികിൽ മാലിന്യം തള്ളിയതും നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കടകളിൽ ഉപയോഗിക്കുന്നതും അടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തി.
ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം പൊതുമരാമത്ത് റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതായി കണ്ടെത്തി. പരിശോധനയിൽ മറ്റൊരു പഞ്ചായത്ത് പരിധിയിലെ വിലാസത്തിൽ ഭാരത് ഗ്യാസ് നൽകിയ ബിൽ തെളിവായി കിട്ടി. തുടർനടപടികൾക്ക് കോർപറേഷന് കൈമാറി.
ചൊവ്വ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം അലക്ഷ്യമായ നിലയിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ നോട്ടീസ് നൽകാൻ കോർപറേഷന് നിർദേശം നൽകി. കണ്ണൂർ കാൽടെക്സിന് സമീപത്തെ ജ്യൂസ് കോർണർ, വാവാച്ചി ജ്യൂസ് കോർണർ എന്നീ സ്ഥാപനങ്ങൾ പരിശോധിച്ച് 475 നിരോധിത ഡിസ്പോസിബിൾ ഗ്ലാസുകൾ പിടികൂടി കോർപറേഷന് കൈമാറി. 10000, 25000 രൂപ ക്രമത്തിൽ പിഴ ചുമത്താൻ കോർപറേഷൻ പ്രതിനിധി നോട്ടീസ് നൽകിയിട്ടുണ്ട്.
നിരോധിത ഡിസ്പോസിബിൾ ഗ്ലാസുകൾ ഉപയോഗിച്ചതിന് കടകൾക്ക് നേരത്തേയും നോട്ടീസ് നൽകുകയും പിഴയീടാക്കുകയും ചെയ്തിരുന്നു. ഇനിയും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നിയമനടപടികളിലേക്ക് കടക്കും.
അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങൾ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുക്കാനും കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും ജില്ലകളിൽ പുതുതായി രൂപവത്കരിച്ച എൻഫോഴ്സ്മെന്റ് ടീമിന് അധികാരം നൽകിയിട്ടുണ്ട്. ജില്ലയിൽ മാലിന്യസംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്താൻ രണ്ട് സ്ക്വാഡുകൾ പ്രവർത്തിക്കും. ഇതിൽ ഒന്നാണ് വ്യാഴാഴ്ച പരിശോധന തുടങ്ങിയത്.
ഉദ്യോഗസ്ഥരുടെയും വാഹനസൗകര്യത്തിന്റെയും അപര്യാപ്തത മൂലമാണ് സ്ക്വാഡ് രൂപവത്കരണം വൈകുന്നത്. ഇന്റേണൽ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ, ജില്ല ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ്, തദ്ദേശ ജോയന്റ് ഡയറക്ടർ നിശ്ചയിക്കുന്ന ഓഫിസർ, തദ്ദേശസ്ഥാപന പരിധിയിലെ പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡിലെ സാങ്കേതിക പ്രതിനിധി തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് എൻഫോഴ്സ്മെന്റിലുള്ളത്. ആറു മാസം കൂടുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും.
പരിശോധന നടത്തി നിയമലംഘനങ്ങൾ കണ്ടെത്തുകയും അനധികൃതമായി തള്ളുന്ന മാലിന്യം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കാനും സംഘം പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.